ഓര്‍ക്കുന്നോ സുകുമാര്‍ സെന്നിനെ?
text_fieldsരാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രം അതി സങ്കീര്‍ണമാണ്. പ്രശ്നഭരിതവും കുഴഞ്ഞുമറിഞ്ഞതുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിെൻറ മുഖ്യചുമതലക്കാരനാകുക അതിനേക്കാള്‍ കുഴപ്പം പിടിച്ചതാണ്. വിജയിക്കുക എളുപ്പമല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവിയില്‍ വിജയിച്ചവരുടെ എണ്ണം ചുരുക്കം. സംശയമില്ല, ടി.എന്‍. ശേഷനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എന്ന പദവി ഏറ്റവും കരുത്തുറ്റതും ജനകീയവുമാക്കിയത്. ഇന്നുവരെയുള്ള 25 മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ തിളങ്ങിയത് എസ്.വൈ. ഖുറൈശി, ഡോ.എം.എസ്. ഗില്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ്. ആന്ധ്ര സ്വദേശിയായ വി.എസ്. രമാദേവിയാണ് ആ പദവിയില്‍ എത്തിയ ഏക വനിത.
എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന് എന്ന സ്ഥാപനം കെട്ടിപ്പടുക്കുന്നതിലും ഒന്നുമില്ലായ്മയില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രണ്ട് പൊതു തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്തിയതിനുമുള്ള ബഹുമതി ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുകുമാര്‍ സെന്നിനാണ്. 1950 മാര്‍ച്ച് 21 മുതല്‍ 1958 ഡിസംബര്‍ 19 വരെയാണ് അദ്ദേഹം പദവി വഹിച്ചത്. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ചരിത്രത്തില്‍ തന്നെ തിളങ്ങുന്ന ഏടാണ് സുകുമാര്‍ സെന്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിെൻറ ചുമതല വിജയകരമായി സംഘടിപ്പിക്കേണ്ട ദൗത്യം ജവഹർലാൽ നെഹ്റുവാണ് സുകുമാർ സെന്നിനെ ഏൽപിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒപ്പം സംഘടിപ്പിക്കണം.
1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ നടന്ന തെരഞ്ഞടുപ്പിൽ 25 സംസ്ഥാനങ്ങളിലെ 401 മണ്ഡലങ്ങളില്നിനായി 489 പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. സുകുമാർ സെന്നിന് ഏറ്റെടുക്കേണ്ടിവന്ന ആദ്യ കർത്തവ്യം തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒരു സംവിധാനം ഒരുക്കുകയാണ്. ഉദ്യോഗസ്ഥരെ നിയമിക്കണം, പ്രാദേശിക കമീഷനുകളെ നിശ്ചയിക്കണം, അതിബൃഹത്തായ രാജ്യത്തെ വോട്ടർ പട്ടിക തയാറാക്കണം. 85 ശതമാനത്തിലധികം പേർ നിരക്ഷരായ 21 നു മേൽ പ്രായമുള്ള 17.6 കോടി പേരുടെ രജിസ്ട്രേഷൻ തന്നെ ഒട്ടും എളുപ്പമായിരുന്നില്ല. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക്ചിഹ്നം അനുവദിക്കണം, മണ്ഡലങ്ങൾ നിശ്ചയിക്കണം, പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തണം എന്നുവേണ്ട എല്ലാ കാര്യങ്ങളും ഒന്നിൽ നിന്ന് തുടങ്ങണം. കർക്കശക്കാരനും മിതഭാഷിയുമായ സുകുമാർ സെൻ അതിവേഗം പിഴക്കാത്ത ചുവടുകൾ വച്ചു. വെല്ലുവിളികളെ ഒന്നൊന്നായി കീഴടക്കി. രാഷ്ട്രീയക്കാരെ അകറ്റി നിർത്തി. അസാധ്യമെന്നു കരുതിയ കാര്യം ചുരുങ്ങിയ നാളുകളിൽ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിജയത്തിന് പിന്നാലെ സുകുമാർ സെൻ ഒന്നര വർഷം, സുഡാനിൽ തെരഞ്ഞെടുപ്പ് നടത്തേണ്ട അന്തരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷന്റെ ചെയർമാനായി നിയോഗിക്കപ്പെട്ടു.
1957ൽ നടന്ന തെരഞ്ഞെടുപ്പിന് വന്ന ചെലവ് ആദ്യത്തേതിനേക്കാൾ 4.5 കോടി കുറവായിരുന്നു. അതിനു കാരണം സുകുമാർ സെന്നിെൻറ ദീർഘവീക്ഷണം തന്നെ. 35 ലക്ഷം ബാലറ്റുപെട്ടികൾ കരുതലോടെ അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർ പദവിയിൽ നിന്ന് വിരമിച്ച സുകുമാർ സെൻ 1960 ൽ ആരംഭിച്ച ബർധാൻ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി. 1954 ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1963 മെയ് 13 ന് വിടവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.