താജ്മഹലിനെ നശിപ്പിക്കാനാണോ ഭാവം? സുപ്രീംകോടതി കേന്ദ്രസർക്കാറിനോട്
text_fieldsന്യൂഡൽഹി: ലോകപ്രശസ്തമായ താജ്മഹൽ നശിപ്പിക്കാനുള്ള ശ്രമമാണോ കേന്ദ്രം നടത്തുന്നതെന്ന് സുപ്രീംകോടതി. പുതിയ റെയിൽപാതക്കുവേണ്ടി ആഗ്രയിലെ താജ്മഹലിന് സമീപമുള്ള 450 മരങ്ങൾ വെട്ടിനശിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഭിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ മദൻ ബി ലോകൂറും ദീപക് ഗുപ്തയുമടങ്ങിയ ബെഞ്ച് രൂക്ഷമായ ഭാഷയിൽ സർക്കാറിനെതിരെ തിരിഞ്ഞത്.
‘താജ് മഹൽ ആഗോള പ്രശസ്തിയാർജിച്ച ഒരു ശിൽപമാണ്. അത് നശിപ്പിക്കുകയാണോ..? താജ്മഹലിെൻറ അടുത്തകാലത്തുള്ള ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കിൽ ഇൻറർനെറ്റിൽ നോക്കി മനസ്സിലാക്കു...’ സുപ്രീംകോടതി പറഞ്ഞു. താജ്മഹലിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി ഒരു സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
മഥുരക്കും ഡൽഹിക്കും ഇടയിൽ പുതിയതായി നിർമിക്കുന്ന റെയിൽപാതക്ക് വേണ്ടിയാണ് 450ഒാളം വരുന്ന മരങ്ങൾ മുറിക്കാൻ ഒരുങ്ങുന്നത്. മരങ്ങളുടെ നാശവും റെയിൽ ഗതാഗതവും താജ്മഹലിെൻറ നിലനിൽപിനെ പ്രതികൂലമായി ബാധിക്കുമെന്നും അന്തരീക്ഷം മലിനപ്പെടുത്തുന്ന വാതകങ്ങളുടെ ആധിക്യത്തിന് കാരണമാവുമെന്നും ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവർത്തകനായ എം.സി. മേത്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 1631ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തെൻറ ഭാര്യയായ മുംതസിെൻറ ഒാർമക്കായി പണിത വെണ്ണക്കൽ സൗധമായ താജ്മഹൽ ചരിത്രസ്മാരകമാണെന്നും ഇത് യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കെട്ടിടമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹരജിയിൽ സർക്കാറിെൻറ വാദം കോടതി അടുത്ത മാസം കേൾക്കും. സുപ്രീംകോടതി നേരത്തെയും താജ്മഹലിെൻറ ഭാവിയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.