യു.പിയിൽ ഡോക്ടറെ മർദിച്ചു കൊന്നു; ബി.ജെ.പി നേതാവിന്‍റെ മരുമകൻ മുഖ്യപ്രതി
text_fieldsലഖ്നോ: ഭൂമിതർക്കത്തെ തുടർന്ന് ഡോക്ടറെ മർദിച്ചുകൊന്ന കേസിൽ ബി.ജെ.പി നേതാവിന്‍റെ മരുമകൻ ഉൾപ്പെടെ മൂന്ന് പേർ പ്രതികൾ. യു.പിയിലെ സുൽത്താൻപൂരിലാണ് സംഭവം.
ഘനശ്യാം ത്രിപാദി (53) എന്ന ഡോക്ടറെയാണ് ബി.ജെ.പി നേതാവ് ഗിരീഷ് നാരായൺ സിങ്ങിന്‍റെ മരുമകനായ അജയ് നാരായൺ സിങ്ങിന്‍റെ നേതൃത്വത്തിൽ മർദിച്ച് കൊലപ്പെടുത്തിയത്. ജയ്സിങ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറാണ് ഘനശ്യാം. ഇദ്ദേഹം അടുത്തിടെ സ്ഥലംവാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു.
ഭൂമിതർക്കം പരിഹരിക്കാനെന്ന വ്യാജേന ശനിയാഴ്ച വൈകീട്ട് അജയ് നാരായൺ സിങ്ങ് ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരെ പരിക്കേറ്റ ഡോക്ടറെ ഓട്ടോയിൽ കയറ്റി വീട്ടിലേക്കയച്ചു. എന്നാൽ, വീടിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഡോക്ടറുടെ ഭാര്യ നിഷ ത്രിപാദിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയാൽ മാത്രമേ ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് കുടുംബം നിലപാടെടുത്തു. കുടുംബം പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.