പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി
text_fieldsവാരാണസി: സ്വകാര്യ ഡോക്ടർ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി. യു.പിയിലെ വാരണാസിയിലെ ചോലാപ്പൂർ ബേല ഗ്രാമത്തിലാണ് സംഭവം. കടുത്ത വയറുവേദനയുമായാണ് 26 വയസുള്ള ഉഷ മൗര്യ ആശാവർക്കർക്കൊപ്പം ഡോ. പ്രവീൺ തിവാരിയുടെ ക്ലിനിക്കിലെത്തിയത്.
പരിശോധനകൾക്കൊടുവിൽ പിത്താശയത്തിൽ കല്ലാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണമെന്നും ഡോ. പ്രവീൺ തിവാരി പറഞ്ഞു. കോവിഡ് കാലമായിരുന്നു. 2020 മേയ് 28ന് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസങ്ങൾക്കകം യുവതി ആശുപത്രി വിട്ടു. പിന്നീട് വയറു വേദന വന്നിട്ടില്ല.
ഇക്കഴിഞ്ഞ മാർച്ചിൽ വീണ്ടും കടുത്ത വയറു വേദന അനുഭവപ്പെട്ടു. ഗുളിക കഴിച്ചിട്ടും വേദനക്ക് ശമനമുണ്ടായില്ല. ഉടൻ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയിൽ പിത്താശയത്തിൽ കല്ലുകളുണ്ടെന്ന് കണ്ടെത്തി. കൂടാതെ യുവതിക്ക് ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തി.
തുടർന്ന് പരിശോധന റിപ്പോർട്ടുകളുമായി ഉഷ വീണ്ടും ഡോ.പ്രവീൺ തിവാരിയുടെ അടുത്ത് എത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ഉഷ പറയുന്നത്. പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഫലം കിട്ടാതായതോടെ ഉഷ പ്രാദേശിക കോടതിയെ സമീപിച്ചു. തുടർന്ന് ഡോക്ടർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയതായി ചോലാപൂർ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.