നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന്‍റെ വയറിൽ നിന്ന് നീക്കിയത് 21 കിലോ പ്ലാസ്റ്റിക്
text_fieldsബംഗളുരു: മനുഷ്യൻ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രകൃതിയും സാധു ജീവികളും നിരന്തരം ഇരയാകുന്നുവെന്ന ഓർമപ്പെടുത്തലുമായി കർണാടകയിലെ ചിക്കമംഗളുരുവിലെ ഒരു പശു. കടൂർ താലൂക്കിലെ ഈ പശുവിന്‍റെ വയറിൽ നിന്ന് വെറ്റിനറി ഡോക്ടർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 21 കിലോ പ്ലാസ്റ്റിക്കാണ്.
നാല് വയസ്സായ പശുവിന്‍റെ വയറുവീർത്തിരുന്നുവെങ്കിലും ഇത്രയും അജൈവ പദാർഥങ്ങൾ ആ വയറിനകത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആഹാര പദാർഥങ്ങൾ ദഹിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുമൂലം പോഷകങ്ങൾ ലഭിക്കാത്തതിനാൽ നാളുകളായി ക്ഷീണിതയായിരുന്നു പശു. തുടർന്നാണ് സർക്കാർ വെറ്റിനറി ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്. 21 കിലോ പ്ലാസ്റ്റിക്കാണ് വയറിനുള്ളിൽ നിന്നും നീക്കം ചെയ്തത്.
പശു പ്ലാസ്റ്റിക് തിന്നുമ്പോൾ വീണ്ടും അത് അയവിറക്കുകയോ ദഹനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നില്ല. വയറിനകത്ത് ജീവിതകാലം മുഴുവൻ അത് കുടുങ്ങിക്കിടക്കുന്നു. ഇതുമൂലം വയറിന്‍റെ ഊഷ്മാവ് കൂടുകയും പ്ലാസ്റ്റിക് ഉരുകുകയും മറ്റ് ഭക്ഷണപദാർഥങ്ങൾക്ക് ദഹിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ശരീര രക്തത്തിൽ ജന്തുവിന് ആവശ്യമായ പോഷകം ഉണ്ടാകുന്നില്ല. - വെറ്റിനറി ഡോക്ടർ ബി.ഇ അരുൺ പറഞ്ഞു.
പശുവിനെ നിർത്തിയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ലോക്കൽ അനസ്തേഷ്യ നൽകിയതായും ഡോക്ടർ പറഞ്ഞു. വേദനാസംഹാരികളും ആന്‍റിബയോട്ടിക്കുകളും പശുവിന് നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. കടൂർ താലൂക്കിൽ മാത്രം ഇതുപോലുള്ള 10-15 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണ പദാർഥങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിക്കാതിരിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയുമാണ് ഇതിനുള്ള പ്രതിവിധിയെന്നും ഡോക്ടർ അരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.