ഡൽഹിയിൽ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ച് കൊന്നു
text_fieldsന്യൂഡൽഹി: ഡൽഹി ആശുപത്രിയിൽ ഡോക്ടറെ വെടിവെച്ച് കൊന്നു. ജായിത്പൂരിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് 55കാരനായ ഡോക്ടറെ കൊലപ്പെടുത്തിയത്. രണ്ട് കൗമാരക്കാരെത്തിയാണ് കൊലപാതകം നടത്തിയതെന്ന് നിമ ആശുപത്രി ജീവനക്കാർ പറഞ്ഞു.
കൗമാരക്കാരിലൊരാൾ ആശുപത്രിയിലെത്തി മുറിവ് അഴിച്ചുകെട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാൾ രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് അഴിച്ചുകെട്ടി കൊടുത്തതിന് ശേഷം മരുന്നിന്റെ ലിസ്റ്റ് ആവശ്യപ്പെട്ട് ഇവർ ഡോ.ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോയി. പിന്നീട് വെടിയൊച്ച കേൾക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പൊലീസിന് മൊഴി നൽകി.
കാലിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് സംഭവമുണ്ടായിരിക്കുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ക്ലോസ് റേഞ്ചിൽ നിന്നാണ് ഡോക്ടർക്ക് വെടിയേറ്റിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷൻ ആക്രമണമാണോ ഡോക്ടർക്ക് നേരെ ഉണ്ടായതെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് രാജ്യത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ആർജികർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.