ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നാലു സെ.മി നീളമുള്ള സൂചി; കാന്തമുപയോഗിച്ച് പുറത്തെടുത്ത് എയിംസിലെ ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ഏഴ് വയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ സൂചി കാന്തത്തിന്റെ സഹായത്തോടെ പുറത്തെടുത്ത് ഡൽഹി എയിംസിലെ ഡോക്ടർമാർ. ബുധനാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിൽ കുട്ടിയെ എയിംസിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും രക്തസ്രാവവും മൂലമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
കുട്ടിയെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ തയ്യിൽ മെഷീനിന്റെ സൂചി ഇടതു ശ്വാസകോശത്തിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടെത്തിയതായി പീഡിയാട്രിക് സർജറി ഡിപാർട്മെന്റ് അഡീഷനൽ പ്രഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞു. നാലു സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്നു സൂചിക്ക്. ശ്വാസകോശത്തിൽ സൂചി തറച്ചിരിക്കുന്നതിനാൽ ശസ്ത്രക്രിയ വഴി പുറത്തെടുക്കാനുള്ള സ്ഥിതിയിൽ ആയിരുന്നില്ല.
ശസ്ത്രക്രിയ ഉപകരണങ്ങൾ ശ്വാസകോശത്തിനകത്തേക്ക് കടത്താനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. അതിനാൽ എൻഡോസ്കോപ്പി വഴി സൂചിയുടെ കൃത്യമായ സ്ഥലം കണ്ടെത്തി. ബുധനാഴ്ച തന്നെ ചാന്ദ്നി ചൗക്കിൽ പോയി ഡോക്ടർ വിശേഷ് കാന്തം വാങ്ങിവെച്ചിരുന്നു. ഏതാണ്ട് നാല് മില്ലീമീറ്റർ നീളവും 1.5 മില്ലീമീറ്റർ കട്ടിയുമുള്ള കാന്തം സൂചി പുറത്തെടുക്കാനുള്ള മികച്ച ഉപകരണമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
സാധാരണ രീതിയിൽ ശസ്ത്രക്രിയ വഴിയോ മറ്റോ സൂചി പുറത്തെടുക്കാവുന്ന രീതിയിലായിരുന്നില്ല എന്നതിനാലാണ് ശസ്‍ത്രക്രിയ നടത്തുന്ന ഡോക്ടർമാരുടെ സംഘം മറ്റ്‍ വഴികളെ കുറിച്ച് ആലോചിച്ചത്. ഒരു തരത്തിലുള്ള റിസ്കുമില്ലാതെ കാന്തത്തെ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് കടത്തി വിടുകയായിരുന്നു അടുത്ത പടി. ഒരു പ്രത്യേക ഉപകരണത്തിൽ കാന്തത്തെ റബർബാൻഡും നൂലും ഉപയോഗിപ്പിച്ച് ബന്ധിപ്പിച്ചാണ് അകത്തേക്ക് കടത്തിയത്. എൻഡോസ്കോപി വഴി സൂചിയുടെ ദിശ കൃത്യമായി മനസിലാക്കിയിരുന്നു. കാന്തം അതിനടുത്തെത്തിയപ്പോൾ സൂചി പറ്റിപ്പിടിച്ചു. തുടർന്ന് പതിയെ പുറത്തെടുക്കുകയായിരുന്നുവെന്നും ഡോക്ടർ ജെയിൻ വിശദീകരിച്ചു.
ഇങ്ങനെ സൂചി പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ ഹൃദയവും ശ്വാസകോശവും തുറന്നുള്ള ശസ്ത്രക്രിയ നടത്താനും ഡോക്ടർമാർ പദ്ധതിയിട്ടിരുന്നു. അതേസമയം, സൂചി എങ്ങനെയാണ് കുട്ടിയുടെ ശ്വാസകോശത്തിലെത്തിയതെന്ന കാര്യത്തിൽ കുടുംബം കൃത്യമായ വിവരം നൽകിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.