ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം അണയാതെ കൊൽക്കത്ത
text_fieldsകൊൽക്കത്ത: കഴിഞ്ഞ മാസം ഗവ. ആർ.ജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ചലച്ചിത്ര സംവിധായികയും നടിയും തിരക്കഥ കൃത്തുമായ അപർണ സെന്നടക്കം നിരവധി പേർ കൊൽക്കത്തയിൽ പ്രകടനം നടത്തി.
ബംഗാളി ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖരും ഞായറാഴ്ച നടന്ന വൻ റാലിയിൽ പങ്കെടുത്തു. നഗരത്തിലെ വിവിധയിടങ്ങളിലും സമാന റാലികൾ നടന്നു. കോളജ് സ്‌ക്വയറിൽ ആരംഭിച്ച മെഗാ റാലിയിൽ സിനിമ രംഗത്തുനിന്ന് സ്വസ്തിക മുഖർജി, സുദീപ്ത ചക്രവർത്തി, ചൈതി ഘോഷാൽ, സോഹിനി സർക്കാർ എന്നിവരടക്കം പങ്കെടുത്തു.
നീതി ആവശ്യപ്പെട്ട് സെൻട്രൽ അവന്യൂവിലൂടെ പ്രക്ഷോഭകർ മാർച്ച് നടത്തി. തെക്കൻ കൊൽക്കത്തയിൽ രാമകൃഷ്ണ മിഷൻ സ്കൂളുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും പൂർവവിദ്യാർത്ഥികൾ ഗോൾപാർക്കിൽ നിന്ന് രബീന്ദ്ര സദൻ എക്സൈഡ് ക്രോസിങ്ങിലേക്ക് മാർച്ച് നടത്തി. അന്വേഷണം നടത്തി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
അതിനിടെ, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് പഞ്ചായത്ത് അംഗത്തിന്റെ വീട് ജനക്കൂട്ടം തകർത്തു. ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തതായും ജില്ലയിലെ റോഹന്ദ പഞ്ചായത്തിലെ രാജ്ബാരി പ്രദേശത്ത് ശക്തമായ പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.