ഡോക്ടർമാരുടെ പ്രതിഷേധം: പുതിയ പെരുമാറ്റച്ചട്ടം മരവിപ്പിച്ച് ദേശീയ മെഡിക്കൽ കമീഷൻ
text_fieldsന്യൂഡൽഹി: കുറിപ്പടി നല്കുമ്പോള് ജനറിക് മരുന്നുകള്‍ എഴുതിനല്കണമെന്നതടക്കമുള്ള വ്യവസ്ഥക്കെതിരെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെ ഡോക്ടർമാർക്കുള്ള പെരുമാറ്റച്ചട്ടം ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) മരവിപ്പിച്ചു. ആഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ പെരുമാറ്റച്ചട്ടം കാരണമൊന്നും വ്യക്തമാക്കാതെയാണ് മരവിപ്പിച്ച് എൻ.എം.സി വ്യാഴാഴ്ച വിജ്ഞാപനം ഇറക്കിയത്. 2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പെരുമാറ്റച്ചട്ടം വീണ്ടും പ്രാബല്യത്തിലായെന്നും എൻ.എം.സിയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
മരുന്നുകളുടെ കുറിപ്പടി നല്കുമ്പോള് ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ എഴുതിനല്‍കണം, മരുന്ന് കുറിക്കുന്നതിന് ഫാര്‍മ കമ്പനികളില്‍നിന്ന് സമ്മാനം വാങ്ങരുത്, ബ്രാന്‍ഡഡ് മരുന്നുകളുടെ പിന്നാലെ പോകരുത്, തുടർച്ചയായി ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ലൈസന്‍സ് താൽക്കാലികമായി റദ്ദ് ചെയ്യും തുടങ്ങിയവയായിരുന്നു പെരുമാറ്റച്ചട്ടത്തിൽ ഉണ്ടായിരുന്നത്. ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.ഐ.എ) ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.എൻ.എം.സിയുടെ പുതിയ തീരുമാനത്തെ ഐ.എം.എ സ്വാഗതം ചെയ്തു. എല്ലാ മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതുവരെ നിയന്ത്രണം പിന്‍വലിക്കണമെന്നായിരുന്നു ഐ.എം.എയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.