പട്ടിയിറച്ചിയല്ല, ബംഗളൂരുവിൽ പിടിച്ചത് ആട്ടിറച്ചി തന്നെയെന്ന് അധികൃതർ; സംഭവത്തിന്‍റെ പേരിൽ വ്യാപക വിദ്വേഷ പ്രചാരണം
text_fieldsബംഗളൂരു: രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനിൽ കൊണ്ടുവന്നത് ആട്ടിറച്ചി തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. നേരത്തെ, പട്ടിയിറച്ചിയാണ് ആട്ടിറച്ചിയെന്ന വ്യാജേന കൊണ്ടുവന്നതെന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിന് വ്യാപക പ്രചാരവും ലഭിച്ചു. സംഭവത്തിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവും വ്യാപകമാണ്.
രാജസ്ഥാനിൽ നിന്നുള്ള സിരോഹി ഇനത്തിൽപെട്ട ആടിന്‍റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്. ഇവക്ക് സാധാരണയേക്കാൾ നീണ്ട വാലുകളാണുണ്ടാവുക. അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്. പരിശോധിച്ച മാംസത്തിലൊന്നും പട്ടിയിറച്ചിയല്ല -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മാംസത്തിന്‍റെ സാമ്പിൾ പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്. ഇതിന്‍റെ വിശദമായ പരിശോധനഫലം വരാൻ ഏഴ് ദിവസമെങ്കിലും എടുക്കുമെന്നാണ് വിവരം.
ബംഗളൂരുവിലെ ഹോട്ടലുകളിൽ വിതരണം ചെയ്യുന്നതിനായി വെള്ളിയാഴ്ച എത്തിച്ച പാർസലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ആരോപണമുയർന്നത്. ഗോസംരക്ഷക ഗുണ്ടയും കൊലക്കേസ് പ്രതിയുമായ പുനീത് കെരഹള്ളിയുടെ നേതൃത്വത്തിലാണ് ഒരു സംഘം റെയിൽവേ സ്റ്റേഷനിലെത്തി മാംസം പട്ടിയിറച്ചിയാണെന്ന് ആരോപിച്ചത്. അബ്ദുൽ റസാഖ് എന്ന മാംസ വ്യാപാരിയുടെ പേരിലാണ് പാർസൽ എത്തിയത്. ആട്ടിറച്ചി കൊണ്ടുവരാനുള്ള എല്ലാ ലൈസൻസും ഉണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതോടെ, തീവ്ര ഹിന്ദുത്വവാദികളായ ചിലർ വ്യാപക വിദ്വേഷ പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ട്രെയിനിൽ എത്തിയ 90 പാർസലുകളിൽ ആട് മാംസമുണ്ടായിരുന്നു. ഇതിൽ പട്ടിയിറച്ചിയുമുണ്ടെന്ന ആക്ഷേപമാണ് ഉയർന്നതെന്ന് ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് പറഞ്ഞു. ആൾക്കൂട്ടം പ്രതിഷേധവുമായി രംഗത്തുവന്നു. പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ മാംസം പിടിച്ചെടുക്കുകയായിരുന്നു. ഇത് പിന്നീട് പരിശോധനക്കയച്ചപ്പോഴാണ് ആട്ടിറച്ചി തന്നെയാണെന്ന് തെളിഞ്ഞത്.
ഉദ്യോഗസ്ഥരെ ഡ്യൂട്ടി നിർവഹിക്കാൻ അനുവദിച്ചില്ലെന്ന കുറ്റം ചുമത്തി പുനീത് കെരഹള്ളിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.