മോമോസ് ഫാക്ടറിയിലെ റെഫ്രിജറേറ്ററിൽ നായയുടെ തല; ജീവനക്കാർ ഒളിവിൽ
text_fieldsചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ചെറുകിട കച്ചവടക്കാർക്ക് മോമോസ് വിതരണം ചെയ്യുന്ന ഫാക്ടറിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനക്കിടെ റെഫ്രിജറേറ്ററിൽ നായയുടെ തല കണ്ടെത്തി. മത്തോർ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്ന ഫാക്ടറിയിൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതെന്ന പരാതിയെ തുടർന്ന് അധികൃതർ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
ചണ്ഡീഗഡ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിൽ മോമോസ്, സ്പ്രിങ് റോൾസ് ഉൾപ്പെടെയുള്ളവയാണ് ഫാക്ടറിയിൽനിന്ന് വിതരണം ചെയ്യുന്നത്. നായയുടെ ജഡം പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. നായ മാംസം മോമോസിലും സ്പ്രിങ് റോളിലും ഉപയോഗിച്ചതാണോ ഫാക്ടറി ജീവനക്കാർ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തല പരിശോധനക്കായി വെറ്ററിനറി വകുപ്പിന് അയച്ചിട്ടുണ്ട്.
പരിശോധനയിൽ, അരിഞ്ഞുവെച്ച നിലയിലുള്ള മാംസവും ക്രഷർ മെഷീനും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചുവരുന്ന ഫാക്ടറിയെ കുറിച്ച് മുമ്പും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ശുചിത്വമില്ലായ്മ കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമീപത്തായി ബേക്കറി ഷോപ് നടത്തുന്നയാളാണ് ഫാക്ടറിയുടമ. നേപ്പാളിൽനിന്നുള്ള പത്തോളം ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. പരിശോധനക്കു പിന്നാലെ ഇവർ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.