കോൺഗ്രസ് രണ്ടു തട്ടിൽ; വിശദീകരിച്ച് സോണിയ
text_fieldsന്യൂഡൽഹി: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ശശി തരൂർ, കെ.വി. തോമസ് എന്നിവരെ വിലക്കിയ വിഷയത്തിൽ കോൺഗ്രസ് നേതൃനിര രണ്ടുതട്ടിൽ. സൗഹാർദ ക്ഷണവും കോൺഗ്രസ് നിലപാടുകൾ വ്യക്തമാക്കുന്നതിനുള്ള അവസരവുമായി കാണേണ്ടതിനു പകരം, തുറന്ന ചർച്ചയുടെയും സംഭാഷണത്തിന്റെയും വാതിൽ കൊട്ടിയടക്കുന്ന രീതിയായി ഇതെന്ന കടുത്ത വിമർശനമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്. അതേസമയം, സിൽവർ ലൈൻ അടക്കം വിഷയങ്ങളിൽ സർക്കാർ സമീപനത്തെച്ചൊല്ലി കോൺഗ്രസും സി.പി.എമ്മും ഏറ്റുമുട്ടുന്നതിനിടെ ഇത്തരം സൗഹാർദം തെറ്റിദ്ധരിപ്പിക്കുന്നതും അണികളെ ബോധ്യപ്പെടുത്താൻ പ്രയാസം ഉണ്ടാക്കുന്നതുമാണെന്ന കാഴ്ചപ്പാടാണ് മറുവിഭാഗത്തിന്.
ദേശീയ സെമിനാറിൽ പോകുന്നതിൽനിന്ന് തരൂരിനെയും മറ്റും വിലക്കിയ സാഹചര്യം എം.പിമാരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച ചെയ്തു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും സി.പി.എമ്മും മിക്കവാറും യോജിച്ചാണ് നീങ്ങുന്നത്. എന്നിരിക്കെ, സി.പി.എം സംഘടിപ്പിക്കുന്ന ഒരു ദേശീയ സെമിനാറിൽ കോൺഗ്രസ് പ്രതിനിധി പങ്കെടുക്കുന്നതിൽ അപാകത പറയാനാവില്ല. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായ നിലപാടുകൾ സംസ്ഥാന നേതൃത്വമാണ് സ്വീകരിക്കുന്നത്.
സി.പി.എം വേദിയിൽ തരൂരും മറ്റും പോകാൻ പാടില്ലെന്ന് കെ.പി.സി.സി നേതൃത്വം പറയുമ്പോൾ, മറിച്ചൊരു സമീപനം സ്വീകരിക്കുന്നത് സംസ്ഥാന നേതൃത്വത്തെ പ്രയാസത്തിലാക്കുമെന്നും സോണിയ വിശദീകരിച്ചതായി അറിയുന്നു. നിർദേശം അംഗീകരിച്ച ശശി തരൂരും കെ.വി. തോമസും സെമിനാറിൽ പങ്കെടുക്കില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.