പരാജയത്തിന് പാണ്ഡ്യനെ പഴിപറയേണ്ട -നവീൻ പട്നായിക്
text_fieldsഭുവനേശ്വർ: ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിയുടെ പരാജയത്തിന് വി.കെ. പാണ്ഡ്യനെ പഴിപറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും പാർട്ടി തലവൻ നവീൻ പട്നായിക്. പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്നും അത് ആരാകണമെന്ന കാര്യം ജനം തീരുമാനിക്കുമെന്നും അഞ്ചു തവണ മുഖ്യമന്ത്രിയായ പട്നായിക് വ്യക്തമാക്കി. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ തമിഴ്നാട്ടുകാരനാണ്. സിവിൽ സർവീസ് വിട്ടാണ് രാഷ്ട്രീയത്തിൽ വന്നത്.
പരാജയം അംഗീകരിക്കുന്നുവെന്നും തന്നാലാവും വിധമുള്ള സേവനങ്ങളുമായി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുമെന്നും പട്നായിക് തുടർന്നു. കഴിഞ്ഞ പത്തുവർഷത്തിലധികമായി സംസ്ഥാനത്ത് ബ്യൂറോക്രാറ്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ ആളാണ് പാണ്ഡ്യൻ. പിന്നീട് ബി.ജെ.ഡിയിലെത്തിയശേഷവും നന്നായി പ്രവർത്തിച്ചു.
സത്യസന്ധനായ മനുഷ്യനാണ് അയാൾ. അത് മറക്കരുതെന്ന് പട്നായിക് പറഞ്ഞു. പാർട്ടിയുടെ പരാജത്തിനുപിന്നാലെ ഒരു വിഭാഗം നേതാക്കൾ പാണ്ഡ്യനെതിരെ വിമർശനവുമായി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പട്നായിക്കിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.