ഭാഷാഭ്രാന്ത് അപകടകരം, തമിഴ്നാടുമായി ഹിന്ദിയിൽ എഴുത്തുകുത്ത് വേണ്ട -മദ്രാസ് ഹൈകോടതി
text_fieldsചെെന്നെ: ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായി ഹിന്ദിയിൽ എഴുത്തുകുത്ത് നടത്തുന്നത് ശരിയല്ലെന്നും ഭാഷാഭ്രാന്ത് അപകടകരമാണെന്നും മദ്രാസ് ഹൈകോടതി. ഇത്തരം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
"ഏതുതരത്തിലുള്ള വംശീയഭ്രാന്തും ഒരു സമൂഹത്തിനും നല്ലതല്ല. വംശശുദ്ധി വാദം ഏതുരൂപത്തിൽ പ്രകടിപ്പിച്ചാലും അതിനെ അപലപിക്കണം. ഭാഷാപരമായ ഔന്നിത്യവാദം കൂടുതൽ അപകടകരമാണ്. കാരണം ഇത് ഒരു ഭാഷ മാത്രം ശ്രേഷ്ഠമാണെന്നും മറ്റുഭാഷകൾ സംസാരിക്കുന്ന ആളുകളുടെ മേൽ അത് അടിച്ചേൽപ്പിക്കണമെന്നുമുള്ള ചിന്താഗതിയാണ്'' -ജസ്റ്റിസുമാരായ എൻ. കൃപാകരൺ, എം. ദുരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മധുര ലോക്‌സഭാംഗം സു. വെങ്കിടേശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിവേദനങ്ങളും പരാതികളും നൽകുന്നത് ഏത് ഭാഷയിലാണോ അതേ ഭാഷയിൽ മറുപടി നൽകാൻ നിർദേശിച്ചത്. സി.ആർ.പി.എഫ് റിക്രൂട്ട്‌മെൻറ് പരീക്ഷാ കേന്ദ്രങ്ങൾ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടേശൻ കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇംഗ്ലീഷിലുള്ള ഈ കത്തിന് ഹിന്ദിയിലാണ് മറുപടി നൽകിയത്. ഇതിനെതിരെയാണ് വെങ്കിടേശൻ കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരുകളുമായും എം.പിമാരുമായും കേന്ദ്രസർക്കാർ നടത്തുന്ന ആശയവിനിമയം ഇംഗ്ലീഷിലാക്കണമെന്നായിരുന്നു ആവശ്യം. നിവേദനം നൽകുന്ന ഭാഷയിൽ തന്നെ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാരിെൻറ ഉത്തരവാദിത്വമാണെന്ന് ഭരണഘടനയുടെ 350-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു. ഇംഗ്ലീഷിൽ നിവേദനം ലഭിച്ചാൽ ഇംഗ്ലീഷിൽത്തന്നെ മറുപടി നൽകണം. അതാണ് ഔദ്യോഗിക ഭാഷാ നിയമത്തിെൻറ അന്തസ്സത്ത. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചതിലൂടെത്തന്നെ ഭാഷയുടെ പ്രധാന്യം മനസ്സിലാക്കാൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
സു. വെങ്കിടേശൻ എം.പിക്ക് ഹിന്ദിയിൽ മറുപടിനൽകിയത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. മനഃപൂർവം ചെയ്തതല്ലെന്നും വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി ഔദ്യോഗിക ഭാഷാനിയമവും ഭാഷാചട്ടവും കേന്ദ്രസർക്കാരും അനുബന്ധ സ്ഥാപനങ്ങളും പാലിക്കണമെന്നും ഔദ്യോഗിക രേഖകൾ ഹിന്ദിക്കൊപ്പം ഇംഗ്ലീഷിലും വേണമെന്നും ഉത്തരവിട്ടു. വ്യത്യസ്ത വംശീയവും ഭാഷാപരവും സാംസ്കാരികവുമായ ഐഡൻറിറ്റികൾ സംരക്ഷിക്കപ്പെടണം. അത് നശിപ്പിക്കാനും അസ്വസ്ഥമാക്കാനുമുള്ള ഏതൊരു ശ്രമവും വൈകാരികപ്രശ്നങ്ങളായി മാറിയേക്കാം -കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.