'എന്‍റെ വാക്കുകളെ ഇപ്പോഴത്തെ വിവാദവുമായി ബന്ധിപ്പിക്കരുത്; അന്ന് നൽകിയത് മോദിക്കുള്ള മറുപടി'
text_fieldsതാൻ വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയെ ഇപ്പോൾ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രസ്താവനയെ തുടർന്നുള്ള വിവാദവുമായി ബന്ധിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മോദിക്കുള്ള മറുപടിയാണ് അന്ന് നൽകിയത്. ഞാൻ ഗണേശഭക്തനാണ്. വിശ്വാസത്തെ പറ്റി അവിശ്വാസികൾ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും തരൂർ പറഞ്ഞു.
'ഇപ്പോഴത്തെ വിവാദവുമായി എന്നെ ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. ഞാൻ പറഞ്ഞത് എട്ടോ ഒമ്പതോ വർഷം മുമ്പാണ്. ഇന്ത്യ പ്ലാസ്റ്റിക് സർജറി ആരംഭിച്ചതിന് തെളിവായി പ്രധാനമന്ത്രി ഒരു പ്രഭാഷണത്തിൽ പറഞ്ഞത് ഗണേശ ഭഗവാനെയാണ്. അതിനാണ് മറുപടി നൽകിയത്.
ഞാൻ ഒരു ഗണേശഭക്തനാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ ഗണേശനെ പൂജിച്ച ശേഷം മാത്രമേ വീട്ടിൽ നിന്ന് ഇറങ്ങൂ. ദൈവത്തെ എങ്ങനെ വേണമെങ്കിലും കാണാം. അതൊരു സങ്കൽപമാണ് വിശ്വാസികൾക്ക്.
പ്ലാസ്റ്റിക് സർജറി ഭാരതത്തിൽ നിന്ന് തന്നെയാണ് ആരംഭിച്ചത്. ശുശ്രുതനാണ് ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജൻ. അതിന്‍റെ തെളിവുകളുമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ, ആ യാഥാർഥ്യത്തിനൊപ്പം മതവിശ്വാസത്തെ കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അക്കാര്യമാണ് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞത്. പണ്ടുകാലത്തെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന വിധത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മനുഷ്യന്‍റെ ചെറിയ കഴുത്തും ആനയുടെ വലിയ തലയും ഒരുമിച്ച് വെക്കാൻ ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും അറിയാം. ഗണേശഭഗവാനെ ഭക്തിയോടെ കാണുന്നവരാണ് ഞങ്ങൾ. പ്രധാനമന്ത്രി പറഞ്ഞപോലെയല്ല അതിനെ കാണേണ്ടത് എന്നാണ് ഞാൻ പറഞ്ഞത്.
ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് പറയുകയാണെങ്കിൽ, മതവിശ്വാസം ഇല്ലാത്ത ആൾക്ക് മതത്തെ കുറിച്ച് പറയേണ്ട ആവശ്യം കാണുന്നില്ല. ഞാൻ അന്യന്‍റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നില്ല, എനിക്കത് പറയാൻ അവകാശമില്ല. വിശ്വാസത്തെ എപ്പോഴും ബഹുമാനിക്കണം. ഒരിക്കലും ആരെയും വേദനിപ്പിക്കരുത്' -ശശി തരൂർ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ എ.എൻ. ഷംസീറിനെ പിന്തുണച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ, ശശി തരൂർ മുമ്പ് പറഞ്ഞ കാര്യം തന്നെയാണ് ഷംസീറും പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശി തരൂർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
‘ഗണേശന്‍റെ തലവെട്ടി, ആനത്തല വെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി എന്നാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ഒന്ന് ചിന്തിച്ച് നേക്കൂ, ഏറ്റവും ചിന്താശേഷി കുറഞ്ഞ ആനയുടെ തലയും ചിന്താശേഷി കൂടിയ മനുഷ്യന്‍റെ തലയും ഒന്നിച്ചുചേരുമെന്ന് നിങ്ങള്‍ കരുതുന്നുവോ, അത് സാധ്യമാണോ, ഇല്ല ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ശാസ്ത്രത്തിലെ ശരിയായ നേട്ടങ്ങളെ ഡിസ്‌ക്രെഡിറ്റ് ചെയ്യുകയാണ് പ്രധാനമന്ത്രി. ശരിയായ നേട്ടങ്ങള്‍ക്ക് കൃത്യമായ ഉദാഹരങ്ങള്‍ ആവശ്യമാണ്. അല്ലാതെ ലോകത്ത് പറക്കുന്നതൊക്കെ പുഷ്പക വിമാനമാണെന്നത് നമുക്ക് ഒരു തെളിവുമില്ലാതെ എങ്ങനെ പറയാനാകും' -എന്നായിരുന്നു വർഷങ്ങൾ മുമ്പ് അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.