മതേതര റിപ്പബ്ലിക് ആയ ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കരുത് -സിബൽ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യത്തിൻെറ സാംസ്കാരിക അടിത്തറയേയും സ്വഭാവത്തേയും ദുർബലപ്പെടുത്തുമെന്നും മതേതര റിപ്പബ്ലിക് ആയ ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പൗരത്വ ഭേദഗതി ബില്ലിൻമേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഏക രാഷ്ട്രത്തിലാണ് വിശ്വസിക്കുന്നത്. എന്നാൽ ബി.ജെ.പി ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ആദ്യം ഘര്‍വാപസി, പിന്നെ മുത്തലാഖ്, പിന്നെ ആര്‍ട്ടിക്കിള്‍ 370, ഇപ്പോള്‍ എന്‍.ആര്‍.സി, പൗരത്വ ഭേദഗതി ബില്‍ ഇതില്‍ നിന്നെല്ലാം എന്താണ് നിങ്ങളുടെ ഉദ്ദേശമെന്ന് വ്യക്തമാണ്. എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് നിങ്ങള്‍ പോലും മനസ്സിലാക്കുന്നില്ല.’’ -കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
ജനനം, രക്ഷിതാക്കളുടെ ജനനം, താമസം എന്നിവയാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി പറയുന്നത്. പൗരത്വം നൽകുന്നതിന് മതം ഒരു ഘടകമാക്കിയെടുക്കാൻ സാധിക്കില്ല. ഇരു രാഷ്ട്ര സിദ്ധാന്തത്തിന് നിയമത്തിൻെറ നിറം നൽകുകയാണ് ഇൗ ബില്ലിലൂടെ ചെയ്യുന്നതെന്നും കപിൽ സിബൽ ആരോപിച്ചു. അനധികൃത കുടിയേറ്റക്കാർ എല്ലാവരും പീഡനം ഏറ്റുവാങ്ങിയവരാണെന്നതിന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു. മത ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പീഡനമേൽക്കേണ്ടി വന്ന വിഭാഗങ്ങൾക്കാണ് പൗരത്വം ഉറപ്പു വരുത്തുന്നതെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഇരു രാഷ്ട്ര സിദ്ധാന്തം സവർക്കറായിരുന്നു വിഭാവനം ചെയ്തത്. അത് കോൺഗ്രസിൻെറ സിദ്ധാന്തമായിരുന്നില്ല. അമിത് ഷാ ഏത് ചരിത്ര പുസ്തകമാണ് വായിച്ചതെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കാൻ കോൺഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബിൽ ആവശ്യമായി വരില്ലായിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു സിബൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.