'മാധ്യമ വിചാരണ ആവശ്യമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ'; നിലപാട് വ്യക്തമാക്കി ശിൽപ ഷെട്ടി
text_fieldsമുംബൈ: ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ശിൽപ ഷെട്ടി. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ ശിൽപ ഷെട്ടി, മാധ്യമങ്ങളെ പ്രസ്താവനയിൽ രൂക്ഷമായി വിമർശിച്ചു. പ്രചരിപ്പിക്കുന്നവയിൽ പലതും അർധസത്യങ്ങളാണ്. മാധ്യമ വിചാരണ തങ്ങൾക്ക് ആവശ്യമില്ല. നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും ശിൽപ ഷെട്ടി പറഞ്ഞു.
ശിൽപ ഷെട്ടിയുടെ പ്രസ്താവനയുടെ പൂർണരൂപം...
ശരിയാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വെല്ലുവിളികളുടേതായിരുന്നു. കുറേയധികം ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ പരക്കുന്നുണ്ടായിരുന്നു. എനിക്കെതിരേയും എന്‍റെ കുടുംബത്തിനെതിരേയും നിരവധി പോസ്റ്റുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു,
സംഭവത്തിൽ എന്‍റെ നിലപാട് കൃത്യമാണ്- ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കൂടാതെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് ഞാൻ കൃത്യമായ അകലം പാലിക്കും. അതുകൊണ്ട് തന്നെ അനാവശ്യമായ സംശയങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എന്‍റെ പേര് വലിച്ചിഴക്കരുത്.
എന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയ്ക്കുള്ള അവകാശം പരിഗണിക്കണം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ഒരു അമ്മ നിലയിൽ എന്‍റെ കുട്ടികളെ കരുതിയെങ്കിലും എനിക്കെതിരേ തെറ്റായ ആരോപണങ്ങൾ പറയുന്നത് നിർത്തണം.
കഴിഞ്ഞ 29 വർഷമായി നിയമം അനുസരിക്കുന്ന ഒരു ഇന്ത്യക്കാരിയായി ഞാൻ സിനിമ മേഖലയിലുണ്ട്. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല, അതുകൊണ്ടു തന്നെ എന്നെയും എന്‍റെ കുടുംബത്തിന്‍റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയ്യേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.