മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുത് -ഷൈന എൻ.സി
text_fieldsന്യൂഡൽഹി: മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ബി.ജെ.പി വക്താവും ദേശീയ നിർവാഹക സമിതിയംഗവുമായ ഷൈന എൻ.സി. ഒരു പ്രത്യേക മത വിഭാഗത്തിനോ ആശയ സംഹിതക്കോ എതിരല്ല ഏക സിവിൽ കോഡ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണിതെന്നും ആരെയും പ്രീണിപ്പിക്കാനല്ലെന്നും ഷൈന വ്യക്തമാക്കി.
മുത്തലാഖ് മുസ് ലിംകളിലെ ഒരു വിഭാഗം സ്ത്രീകളെ മാത്രം ബാധിക്കുന്നതല്ല. ലക്ഷകണക്കിന് സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിട്ടുള്ളത്. സൗദി അറേബ്യ, ഇറാഖ്, പാകിസ്താൻ അടക്കം 22 മുസ് ലിം രാജ്യങ്ങളിൾ മുത്തലാഖ് നിയമവിരുദ്ധമാക്കിയിട്ടുണ്ട്.
ഒരേസമയം സ്ത്രീകളെ ബഹുമാനിക്കണമെന്നും സ്ത്രീ സമത്വം ഉറപ്പാക്കണമെന്നും പറയുമ്പോഴും മറു ഭാഗത്ത് ടെലിഫോണിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ തലാഖ്, തലാഖ്, തലാഖ് എന്ന് പറഞ്ഞ് അവരെ ഒഴിവാക്കുകയും ചെയ്യുന്നു. മുത്തലാഖും ഏക സിവിൽ കോഡും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസിലാക്കണമെന്നും ഷൈന ആവശ്യപ്പെട്ടു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര നിയമകമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന മുസ് ലിം വ്യക്തി നിയമ ബോർഡിന്‍റെ തീരുമനം സ്വേച്ഛാധിപത്യപരമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുത്തലാഖ് നിർത്തലാക്കണമെന്ന് തന്നെയാണ് രാജ്യത്തെ ഭൂരിപക്ഷം പൗരൻമാരുടെയും ആവശ്യം. അതിനു വേണ്ടിയുള്ള ശ്രമങ്ങൾക്കാണ് മുസ് ലിം വ്യക്തിനിയമ ബോർഡ് തടയിടുന്നതെന്നും നായിഡു ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.