ട്വീറ്റ് വിവാദം; തരൂരിന് രക്ഷക്കെത്തിയത് ചില്ലർ തന്നെ
text_fieldsന്യൂഡൽഹി: ട്വീറ്റ് വിവാദത്തിൽ ശശീ തരൂർ എം.പിക്ക് രക്ഷക്കെത്തിയത് ഒടുവിൽ മാനുഷി ചില്ലർ. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ലോക സുന്ദരി മാനുഷി ചില്ലറിന്റെ പേരുപയോഗിച്ചതിൽ തരൂരിനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനമായിരുന്നു. ഹരിയാനയിലെ മുതിർന്ന മന്ത്രിമാരടക്കം വിവിധ രാഷ്ട്രീയ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ലോക കിരീടം നേടിയ പെൺകുട്ടിയെന്ന നിലയിൽ ഇത്തരം കളിയാക്കലുകൾ തന്നെ ബാധിക്കില്ലെന്ന് ചില്ലർ തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു. ചില്ലാറിൽ നിന്നും വളരെ ചെറിയൊരു മാറ്റമെ ഉണ്ടായുള്ളു എന്നും അത് നമ്മുക്ക് മറക്കാമെന്നും ചില്ലർ ട്വീറ്റ് ചെയ്തു.
താൻ പറഞ്ഞത് യഥാർഥ സ്പിരിറ്റിൽ തന്നെ എടുത്തതിന് നന്ദി പറഞ്ഞ് തരൂരും ട്വീറ്റ് ചെയ്തു.
അതേസമയം ശശിതരൂർ മാനുഷി ചില്ലാറിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ദേശിയ വനിതാ കമ്മീഷൻ തരൂരിന് സമൻസ് അയച്ചിരുന്നു. തരൂർ രാജ്യത്തിന് പേരും പ്രശസ്തിയും നേടി കൊടുത്ത പെൺകുട്ടിയെ അപമാനിച്ചതിലൂടെ രാജ്യത്തിനെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.
‘നോട്ട് അസാധുവാക്കൽ എത്രമാത്രം അബദ്ധമായിരുന്നു. ഇന്ത്യൻ പണം ലോകം കീഴടക്കുന്നത് ബി.ജെ.പി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. നമ്മുടെ ചില്ലർ പോലും ലോക സുന്ദരിയായി’ എന്നായിരുന്നു തരൂരിെൻറ ട്വീറ്റ്. ഹിന്ദിയിൽ ചില്ലർ എന്നാൽ ചില്ലറ എന്നാണർഥം. ചില്ലറ പോലും ലോകസുന്ദരിയായി എന്ന് തമാശയായി ഉപയോഗിക്കുകയായിരുന്നു തരൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.