തീവ്രവാദികൾക്കും കുറ്റവാളികൾക്കും വാർത്താ ചാനലുകൾ വേദി നൽകരുത്; കർശന നിർദേശവുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.
മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.