അയിത്തമില്ലാത്ത ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും മതം മാറിയാൽ പട്ടികജാതി പദവി നൽകരുത് -കേന്ദ്രം
text_fieldsന്യൂഡല്ഹി: ഇസ്ലാമിലും ക്രിസ്തുമതത്തിലും അയിത്തവും അടിച്ചമർത്തലും ഇല്ലാത്തതിനാൽ അതിലേക്ക് മതം മാറിയ ദലിതുകൾക്ക് പട്ടികജാതി പദവി നൽകരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സിഖ്, ജൈന, ബുദ്ധമതങ്ങളിലെ പട്ടികജാതിക്കാർക്ക് നൽകുന്ന പദവിയും സംവരണവും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ പട്ടികജാതിക്കാർക്ക് അനുവദിക്കണമെന്ന ആവശ്യം തള്ളണമെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. എല്ലാ മതങ്ങളിലെയും ദലിതുകള്ക്ക് പട്ടികജാതി പദവി നല്കണം എന്ന രംഗനാഥ മിശ്ര കമീഷന്റെ റിപ്പോര്ട്ടും കേന്ദ്ര സർക്കാർ തള്ളിപ്പറഞ്ഞു.
അയിത്തമെന്ന അടിച്ചമർത്തൽ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാനാണ് അതൊന്നുമില്ലാത്ത ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പട്ടിക ജാതിക്കാർ മതപരിവർത്തനം ചെയ്യുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളില് സാമൂഹിക അയിത്തമില്ല. അതുകൊണ്ടാണ് ഈ മതങ്ങളിലുള്ള പിന്നാക്ക സമുദായങ്ങളെ പട്ടിക ജാതിയില് ഉള്പ്പെടുത്താത്തത്. അതേസമയം പിന്നാക്ക വിഭാഗങ്ങളില് നിന്ന് ബുദ്ധമതം സ്വീകരിച്ചവര് 1956ല് ഡോ. അംബേദ്കറുടെ ആഹ്വാനത്തിന് പിറകെ സ്വമേധയാ ബുദ്ധമതത്തിലേക്ക് മാറിയവരാണ്. അവരുടെ ജാതിയും സമുദായവും അങ്ങനെ തന്നെ നില്ക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റു മതങ്ങളും ക്രൈസ്തവ, ഇസ്ലാം മതങ്ങളും തമ്മില് വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ട്. മുന്നാക്ക സംവരണത്തിലെ കോടതി ഇടപെടൽ സ്വാഗതം ചെയ്ത കേന്ദ്ര സർക്കാർ പട്ടികജാതി സംവരണത്തിൽ കോടതിക്ക് ഇടപെടാന് കഴിയില്ലെന്നും അവകാശപ്പെട്ടു. ഭരണഘടനയുടെ 341ാം വകുപ്പ് അനുസരിച്ച് രാഷ്ട്രപതിക്കാണ് വിവിധ ജാതി, വര്ഗം, ഗോത്രം എന്നിവ പട്ടികജാതിയില് ഉള്പ്പെടുന്നു എന്ന് നിര്ണയിക്കാനുള്ള അധികാരമെന്ന് കേന്ദ്രം ബോധിപ്പിച്ചു. സംസ്ഥാന ഗവര്ണര്മാരുമായി കൂടിയാലോചിച്ചാണ് രാഷ്ട്രപതി ഇക്കാര്യത്തില് തീരുമാനമെടുക്കുന്നത്. ഇതില് കോടതിക്ക് ഇടപെടാന് കഴിയില്ലെന്നും പാര്ലമെന്റിന്റെയും രാഷ്ട്രപതിയുടെയും അധികാരത്തെ മാനിക്കുകയാണ് വേണ്ടതെന്നും സത്യവാങ്മൂലത്തിലുണ്ട്.
എല്ലാ മതങ്ങളിലെയും ദലിത് വിഭാഗങ്ങള്ക്ക് പട്ടിക ജാതി പദവി നല്കണം എന്ന രംഗനാഥ മിശ്ര കമീഷന്റെ റിപ്പോര്ട്ടിനോട് യോജിക്കുന്നില്ല. യഥാര്ഥ സാഹചര്യങ്ങളെ വിലയിരുത്തി വിശദമായ പഠനം നടത്താതെയാണ് കമീഷന് റിപ്പോര്ട്ട് തയാറാക്കിയിരിക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.