ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുത് -മോദി
text_fieldsന്യൂഡൽഹി: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടി കാണിക്കരുതെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ വെർച്വൽ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കവേയാണ് പാകിസ്താനെ പരോക്ഷമായി ഉന്നംവെച്ച് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സാന്നിധ്യത്തിൽ മോദിയുടെ പരാമർശം.
ഭീകരവാദത്തിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ കടുത്ത തീരുമാനമെടുക്കേണ്ട സമയമാണിതെന്ന് മോദി പറഞ്ഞു. വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പരസ്പര സഹകരണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ട്. ഭീകരവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കാനും അതുവഴി അയൽരാജ്യങ്ങളെ അസ്ഥിരമാക്കാനുമുള്ള ശ്രമങ്ങൾ അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ച് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചൈന- പാകിസ്താൻ വ്യാവസായിക ഇടനാഴി പദ്ധതിക്കായി പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ, ഉസ്ബകിസ്താൻ, ഇറാൻ ഭരണത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.