'അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം' എന്നിവയെക്കുറിച്ച് കൂടുതൽ പ്രസംഗിക്കരുതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് ഇന്ത്യയോട് കൂടുതൽ പ്രസംഗിക്കരുതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ്. ലാഭമുണ്ടാക്കുന്ന ഈ സ്ഥാപനങ്ങൾ ഇന്ത്യയിൽ ബിസിനസ് നടത്തി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നിയമങ്ങളും പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിംബിയോസിസ് ഇന്‍റനാഷണൽ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച സിംബിയോസിസ് ഗോൾഡൻ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'സോഷ്യൽ മീഡിയ & സോഷ്യൽ സെക്യൂരിറ്റി ആന്‍റ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം റിഫോംസ്: ആൻ അൺഫിനിഷ്ഡ് അജൻഡ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ അല്ല ദുരുപയോഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അമേരിക്കൻ ആസ്ഥാനമായുളള കമ്പനികൾ ഇന്ത്യക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ക്ലാസെടുക്കേണ്ടതില്ല. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. ഇന്ത്യക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഉണ്ട്. സ്വതന്ത്ര ജുഡീഷ്യറിയും മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ ബിസിനസ് ചെയ്യാൻ പോകുമ്പോൾ, അവർ അമേരിക്കൻ നിയമങ്ങൾ പാലിക്കുന്നില്ലേ? നിങ്ങൾ ഇവിടെ നിന്ന് ധാരാളം പണം സമ്പാദിക്കുന്നു, ഇന്ത്യ ഒരു ഡിജിറ്റൽ മാർക്കറ്റായതിനാൽ നല്ല ലാഭവുമുണ്ടാക്കുന്നു. അതിലൊന്നും ഒരു പ്രശ്നവുമില്ല. നിങ്ങൾ പ്രധാനമന്ത്രിയെ വിമർശിക്കുന്നു, എന്നെ വിമർശിക്കുന്നു, കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നു,പക്ഷെ എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാത്തത്? നിങ്ങൾക്ക് ഇന്ത്യയിൽ ബിസിനസ് നടത്തണമെങ്കിൽ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾക്ക് പരമാവധി അവസരം നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.