സ്കൂളുകളിൽ ക്രിസ്മസ് ആഘോഷത്തിന് നിയന്ത്രണവുമായി മധ്യപ്രദേശ് ബി.ജെ.പി സർക്കാർ
text_fieldsഭോപ്പാൽ: സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ്. മുൻകൂർ അനുമതി വാങ്ങിയ ശേഷമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളൂവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, സ്വകാര്യ സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ക്രിസ്മസ് ട്രീ നിർമാണം, സാന്‍റാക്ലോസിന്‍റെ വേഷം ധരിക്കൽ അടക്കമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കണമെങ്കിൽ മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി നൽകണം. അനിഷ്ടകരമായ സാഹചര്യമോ സംഭവമോ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയർന്നാൽ സ്ഥാപനത്തിനെതിരെ ഏകപക്ഷീയമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവിന് പിന്നാലെ ഭോപ്പാലിലെ വലതുപക്ഷ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ച് സ്കൂളുകൾക്ക് മുന്നറിയിപ്പ് രംഗത്തെത്തി. മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളെ സാന്‍റാ ക്ലോസിന്റെ വേഷം ധരിപ്പിക്കരുതെന്നും ക്രിസ്മസിന് നീണ്ട അവധി നൽകരുതെന്നും പ്രസിഡന്‍റ് ചന്ദ്രശേഖർ തിവാർ ആവശ്യപ്പെട്ടു. ദീപാവലിക്ക് രണ്ട് ദിവസത്തെ അവധി മാത്രം അനുവദിക്കുമ്പോൾ ക്രിസ്മസിന് 10 ദിവസമാണ് നൽകുന്നതെന്നും തിവാർ പറയുന്നു.
2022ൽ മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളോട് സാന്‍റാക്ലോസിന്റെ വേഷം ധരിക്കാനോ ക്രിസ്മസ് മരങ്ങൾ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്ന് സ്കൂളുകളോട് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇത് ഹിന്ദു സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് വി.എച്ച്.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.