കർഷക പ്രതിഷേധത്തെ മതവുമായോ സമുദായവുമായോ കൂട്ടിക്കെട്ടരുത്; പ്രധാനമന്ത്രിയോട് സുഖ്ബിർ സിങ് ബാദൽ
text_fieldsചണ്ഡിഗഢ്: കർഷക പ്രതിഷേധത്തെ ഏതെങ്കിലും മതവുമായോ സമുദായവുമായോ കൂട്ടിക്കെട്ടരുതെന്ന് പ്രധാനമന്ത്രിയോട് ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ. ഉത്തർപ്രദേശ് മുതൽ കേരളം വരെയുള്ള കർഷകർ മൂന്ന് കാർഷിക നിയമങ്ങൾക്കുമെതിരെ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ്തല യോഗങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാദൽ. കർഷക പ്രതിഷേധത്തെ ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടുത്തുന്നതിന് പകരം അജണ്ട ചർച്ച ചെയ്യണമെന്നും കർഷകർക്ക് നീതി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാദൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കർഷകർ അന്നദാതാക്കളുടെ ക്ഷേമത്തിന് വേണ്ടിയാണ് പോരാടുന്നത്. അതിനാൽ ഇൗ സമരത്തെ ഏതെങ്കിലും ഒരുസമുദായത്തിലേക്കോ മതത്തിലേക്കോ ചുരുക്കിക്കൊണ്ട് വിഭജിക്കാൻ ശ്രമിക്കരുത്. കർഷക സമൂഹത്തിനിടയിൽ സർക്കാറിനോട് അകൽച്ച തോന്നാൻ ഇടയാക്കുമെന്നല്ലാതെ ഇതിനെക്കൊണ്ട് ഒരു കാര്യവുമില്ലെന്നും ബാദൽ പറഞ്ഞു.
പഞ്ചാബിൽ നിന്നുൾപ്പെടെ എത്തിപ്പെട്ട നിരവധി കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ 70 ദിവസത്തിലേറെയായി ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.