വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് മോദിയോട് രാജ് താക്കറെ
text_fieldsഭയാനകമായ അളവിൽ കോവിഡ് വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി മഹാരാഷ്ട്ര നവ നിർമാൺ സേന പ്രസിഡന്‍റ് രാജ് താക്കറെ. രാജ്യം കോവിഡിന്‍റെ പിടിയിലമരുകയാണെന്നും വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവിറിന്‍റെ വിതരണം നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിൽ അമർഷം പുകയുന്നതിനിടെയാണ് രാജ് താക്കറെയുടെ വിമർശനം. 'എന്തുകൊണ്ടാണ് കേന്ദ്രം റെംഡിസിവിർ വിതരണം നിയന്ത്രിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ശരിയായ ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സർക്കാറും പ്രാദേശിക അധികാരികളും പ്രയത്നിക്കുന്നുണ്ട്. അതിനിടയിൽ മരുന്നുകളുടെ ലഭ്യത കേന്ദ്ര സർക്കാർ തടയുന്നതെന്തിനാണ്' -രാജ് താക്കറെ ചോദിച്ചു.
രാജ്യത്തെ കോവിഡ് മരണ നിരക്ക് ക്രമാതീതമായി ഉയരുന്നുവെന്ന വാർത്ത ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സക്കായി 50,000 വയൽ റെംഡിസിവിർ ആവശ്യപ്പെട്ട മഹാരാഷ്ട്രക്ക് 26000 വയൽ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. റെംഡിസിവിർ വിതരണം നിയന്ത്രിച്ച കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്ത് രോഷം വർധിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്‍റെ ഭാഗമായ ശിവസേന, എൻ.സി.പി, കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിച്ചതിനെ തുടർന്നാണ് രാജ് താക്കറെയുടെ പ്രതികരണം വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.