'മമതാ ബാനർജി തീകൊണ്ട് കളിക്കരുത്'; പരസ്യമായി രാഷ്ട്രീയം പറഞ്ഞ് ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പരസ്യമായി രാഷ്ട്രീയം കളിച്ച് ബംഗാൾ ഗവർണർ. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ വെള്ളിയാഴ്ച ഇതുസംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചു. ആക്രമണത്തിന് പിന്നിൽ ടിഎംസി അനുയായികൾ ആണെന്ന് ആരോപിച്ച ധൻകർ സംസ്ഥാനത്തിന് അകത്തും പുറത്തും അപകടകരമായ കളികൾ നടക്കുന്നുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി തീകൊണ്ട് കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ ഇത്തരമൊരു സംഭവം നടന്നത് ലജ്ജാകരമാണെന്ന് രാജ്ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 'ഞാൻ എെൻറ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്. അതിെൻറ ഉള്ളടക്കം പങ്കിടാൻ കഴിയില്ല. ബംഗാളിൽ നിയമലംഘകർക്ക് പോലീസിെൻറയും ഭരണത്തിെൻറയും സംരക്ഷണമുണ്ട്'-അദ്ദേഹം ആരോപിച്ചു. പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാൻ സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടയിലാണ് നദ്ദക്കെതിരേ കല്ലേറുണ്ടായത്.
ബി.ജെ.പി ജന. സെക്രട്ടറി കൈലാഷ് വിജയ്വർഗിയ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന നദ്ദക്ക് പരിക്കില്ല. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 'സ്പോൺസേഡ് വയലൻസ്' എന്നാണ് അമിത്ഷാ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചിട്ടുണ്ട്. പാർട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദൻ മിത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.