ഡിഗ്രി വിദ്യാർഥികൾക്ക് കന്നട നിർബന്ധം ആക്കരുതെന്ന് ഹൈകോടതി
text_fieldsബംഗളൂരു: ഡിഗ്രി വിദ്യാർഥികൾക്ക് ഡിസംബർ 16 വരെ കന്നട ഭാഷ പഠനം നിർബന്ധമാക്കരുതെന്ന കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. സംസ്ഥാന സർക്കാറിനോടും ബാംഗ്ലൂർ സെൻട്രൽ യൂനിവേഴ്സിറ്റിയോടുമാണ് ഹരജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ 16വരെ നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കന്നട നിർബന്ധമാക്കുന്നതിനെതിരെ ബാംഗ്ലൂർ സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അഞ്ച് വിദ്യാർഥികളാണ് ഹരജി നൽകിയത്. വിഷയത്തിൽ ഡിസംബർ 16നുള്ളിൽ കേന്ദ്ര സർക്കാറും നിലപാട് അറിയിക്കണമെന്ന് ഹൈകോടതി വ്യക്തമാക്കി.
കന്നട നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് വിജ്ഞാപനമായി ഇറക്കിയിട്ടില്ലെന്നും അതിനാൽ ഈ അധ്യയനവർഷം നടപ്പാക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹരജി നൽകിയത്. കന്നട ഭാഷ നിർബന്ധമായും പഠിക്കണമെന്ന് പറയുന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തിനും പുറത്തുനിന്നും ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ ഡിഗ്രി പഠനത്തിെൻറ ആദ്യവർഷം കന്നട പഠിക്കണമെന്നാണ് സർക്കാർ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.