മോദിയുടെ റാലിയിൽ പ്രതിഷേധിക്കരുതെന്ന് കർഷകരോട് ബി.ജെ.പി
text_fieldsഛണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിക്കരുതെന്ന് കർഷകരോട് അഭ്യർഥിച്ച് ബി.ജെ.പി പഞ്ചാബ് നേതൃത്വം. കർഷകർ അവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ബി.ജെ.പിക്ക് മെമ്മോറാണ്ടം സമർപ്പിച്ചാൽ അത് പ്രധാനമന്ത്രിക്ക് കൈമാറാമെന്നും പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മെയ് 23ന് പഞ്ചാബിലെ പട്യാലയിലും 24ന് ഗുരുദാസ്പൂർ, ജലന്ധർ എന്നിവിടങ്ങളിലുമാണ് മോദിയുടെ റാലി നടക്കുന്നത്. ഈ സ്ഥലങ്ങളിൽ റാലി നടക്കുമ്പോൾ പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമിറ്റി നിർദേശിച്ച മിനിമം താങ്ങുവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകളുടെ പ്രതിഷേധം.
കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയാൻ വേണ്ടി ഹരിയാന പൊലീസ് നടത്തിയ നടപടികളിലും സംഘടനകൾക്ക് പ്രതിഷേധമുണ്ട്. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മോദി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിക്കാൻ കർഷകർ തീരുമാനിച്ചത്.
കർഷകരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെത്തിക്കുമെന്ന് തങ്ങൾ ഉറപ്പ് നൽകുകയാണെന്ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം മനോരഞ്ജൻ ഖലിയ പറഞ്ഞു. പ്രധാനമന്ത്രി മെമ്മോറാണ്ടത്തെ പോസിറ്റീവായി കണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. റാലിക്കിടെ പ്രതിഷേധക്കുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളിൽ ഏകസ്വരമുണ്ടാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കർ പറഞ്ഞു. ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് ആവശ്യങ്ങൾ സംബന്ധിച്ച് കർഷക സംഘടനകൾ ധാരണയിലെത്തണം. ഇപ്പോൾ കർഷക സംഘടന നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.