Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതിയെപ്പറ്റി...

ജാതിയെപ്പറ്റി മിണ്ടരുത്! നിങ്ങളും 'ജാതിവാദി'യായി മാറും- ഗെയിൽ ഓംവെദ്​ - അഭിമുഖം

text_fields
bookmark_border
ജാതിയെപ്പറ്റി മിണ്ടരുത്! നിങ്ങളും ജാതിവാദിയായി മാറും- ഗെയിൽ ഓംവെദ്​ - അഭിമുഖം
cancel

ഇന്ത്യയിലെ ജാതിവിരുദ്ധ/ദളിത് സമരങ്ങള്‍ക്ക് സൈദ്ധാന്തിക നേതൃത്വം നല്‍കുന്നവരുടെ മുന്‍നിരയിലാണ് അന്തരിച്ച ഗെയില്‍ ഓംവെദിന്‍റെ സ്ഥാനം. ഗവേഷക, അധ്യാപിക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലും രാജ്യാന്തര പ്രശസ്തയാണ്. സ്ത്രീ സമത്വ പോരാട്ടം, വര്‍ഗസമരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലും സജീവ സാന്നിദ്ധ്യം.

അമേരിക്കയില്‍ 1941 ല്‍ ജനിച്ച ഓംവെദ് പഠനത്തിന്‍റെ ഭാഗമായാണ് ഇന്ത്യയില്‍ വരുന്നത്. പിന്നീട് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സോഷ്യോളജിയില്‍ യു.സി. ബെര്‍ക്കലിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഓംവെദ് സാന്‍ ഡിയാഗോയിലെ അധ്യാപക ജോലി ഉപേക്ഷിച്ചാണു വന്നത്. മഹാരാഷ്ട്രയിലെ ആക്റ്റിവിസ്റ്റ് ഭരത് പടന്‍കറിനെ വിവാഹം കഴിച്ച അവര്‍ 1983 മുതല്‍ ഇന്ത്യന്‍ പൗരയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ. അംബേദ്കര്‍ ചെയർ മേധാവിയായിരുന്നു ഗെയ്ല്‍. രാജ്യത്തിനകത്തും പുറത്തുമുളള ആനുകാലികങ്ങളില്‍ പതിവായി സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി എഴുതിവരുന്നു. മഹാരാഷ്ട്രയിലെ കൊറെഗാവിലായിരുന്നു താമസം.

'വി ഷാള്‍ സ്മാഷ് ദിസ് പ്രിസണ്‍: ഇന്ത്യന്‍ വിമണ്‍ ഇന്‍ സ്ട്രഗിള്‍' (1979), 'റി ഇന്‍വെന്‍റിങ്​ റവലൂഷന്‍: ന്യൂ സോഷ്യല്‍ മൂവ്‌മെന്‍റ്​ ഇന്‍ ഇന്ത്യ' (1993), 'ജെന്‍ഡര്‍ ആന്‍ഡ് ടെക്‌നോളജി'(1994), 'ദലിതുകളും ജനാധിപത്യ വിപ്ലവവും' (1994), 'ദലിത് കാഴ്ചപ്പാടുകള്‍: ജാതിവിരുദ്ധ മുന്നേറ്റവും ഇന്ത്യന്‍ സാംസ്‌കാരിക അസ്തിത്വവും' (1994), 'ബുദ്ധിസം ഇന്ത്യയില്‍: ബ്രാഹ്മണ്യവും ജാതിയും' തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

ഒരു സെമിനാറില്‍ പങ്കെടുക്കാനായും ചിത്രലേഖാ പ്രശ്‌നത്തില്‍ ജനകീയ തെളിവെടുപ്പിനായും ഗെയില്‍ഓംവെദ് രണ്ടുതവണ കൊച്ചിയില്‍ വന്നിരുന്നു. അപ്പോള്‍ നടത്തിയ അഭിമുഖത്തേിന്‍റെയും പിന്നീട് ഇമെയിലിലൂടെ തുടര്‍ച്ചയായി നടത്തിയ സംഭാഷണത്തിന്‍റെയും പ്രസ്‌കത ഭാഗങ്ങളാണിത്:

ജാതി, വര്‍ഗം, വിപ്ലവം

ജാതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ദേശീയ തലത്തില്‍ സജീവമായി ഉയര്‍ന്നു നില്‍ക്കുന്ന പ്രശ്‌നം ജാതി തിരിച്ചുള്ള സെന്‍സസ് വേണോ വേണ്ടയോ എന്നതാണ്. എന്താണ് താങ്കളുടെ നിലപാട്?

ജാതിയെ സംബന്ധിച്ച് ഇന്ത്യയിലെ സവര്‍ണ വിഭാഗത്തിനുള്ള നിലപാട് മൂന്ന് തരത്തിലുള്ളതാണ്. ഒന്ന് ജാതി നിഷേധിക്കുക. രണ്ട് ജാതിയില്ലെന്ന് പറയുക. മൂന്നാമത്് ജാതി ഉണ്ടെങ്കില്‍ തന്നെ അത് മോശമല്ലെന്ന് പറയുക. ജാതിയെ കാണരുത്, ജാതിയെപ്പറ്റി കേള്‍ക്കരുത്, ജാതിയെപ്പറ്റി പറയരുത് എന്നാണ് അവരുടെ നയം. ആരെങ്കിലും ജാതിയെപ്പറ്റി പറഞ്ഞാല്‍, അതില്‍ ഇടപെട്ടാല്‍ അവരെ 'കാസ്റ്റിസ്റ്റുകള്‍'/ജാതിവാദികള്‍ എന്നു വിളിക്കും. അതുകൊണ്ട് നിശബ്ദരായിരുന്നോളണം എന്നാണ് സവര്‍ണ നിലപാട്. നമുക്ക് ജാതിപ്രശ്‌നം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു വിഷയം കൈകാര്യം ചെയ്യണമെങ്കില്‍ അതിനെപ്പറ്റിയുള്ള അറിവുകളും വിവരങ്ങളും ആവശ്യമാണ്. ഓരോ നയങ്ങളും രൂപവത്​കരിക്കുന്നത് വിവരങ്ങളുടെയും അതിന്‍റെ വിശകലനത്തിന്‍റെയും അടിസ്ഥാനത്തിലാണ്. യഥാര്‍ത്ഥത്തില്‍ ജാതിയുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജാതിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്കില്ല താനും. സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തുന്നത് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ആളുകള്‍ക്ക് സ്വതന്ത്രമായി തന്നെ തങ്ങള്‍ ഏത് ജാതിയില്‍ പെടുന്നുവന്നു പറയാം. അവര്‍ക്കിഷ്ടമുള്ളതുപോലെ 'ജാതിയില്ല', അല്ലെങ്കില്‍ 'മിശ്രജാതി' എന്ന് പറയാം. അതൊരു വിലപിടിപ്പുള്ള വിവരസമാഹരമാണ്. 'ജാതിയില്ല' എന്നു പറയുന്നവര്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയേ വരൂ എന്നാണ് എന്‍റെ അനുമാനം. സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നുണ്ട്. ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചേ തീരു. നിങ്ങളുടെ 'വികസിതവും' 'ഇടതു-പുരോഗമനപരവുമായ' കേരളത്തില്‍ പോലും ജാതി തീവ്രമായി നിലനില്‍ക്കുന്നു. ചിത്രലേഖാ സംഭവം തന്നെ ചില ജോലികള്‍ ചിലര്‍ക്കു മാത്രമായി 'സംവരണം' ചെയ്തിരിക്കുകയാണ് എന്ന് തെളിയിക്കുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയിലെ ഏറ്റവും ക്രൂരവും സവിശേഷവും ജാതിയെ പരിഗണിക്കാതെ സെന്‍സസ് നടത്തുക എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല.

ജാതിയുടെ സാമ്പത്തികവും സാമൂഹ്യവുമായ അസ്ഥിത്വത്തെ എങ്ങനെയാണ് കാണുന്നത്? ജാതിയെ എങ്ങനെ നിര്‍വചിക്കും?

ജാതി ഏറ്റവും ക്രൂരമായ ബഹിഷ്‌കരണമാണ്. ദക്ഷിണേഷ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മാത്രം സവിശേഷതയായ ഒരു സാമൂഹിക ബഹിഷ്‌കരണ രൂപമാണ് ജാതി. സാമ്പത്തികവും സാമൂഹികവുമായി അത് ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്നു. ജാതി ഒരു അധികാര ശ്രേണിയാണ്. കുപ്രസിദ്ധമായ മനുസ്മൃതി മാത്രമല്ല ജാതിക്ക് നീതീകരണം നല്‍കുന്നത്. അങ്ങേയറ്റം മഹത്ത്വവത്​കരിക്കപ്പെടുന്ന ഭഗവദ്ഗീതയും അതുതന്നെ ചെയ്യുന്നുണ്ട്. സൈന്ധവ നാഗരികതയിലും വേദകാല സമൂഹത്തിലും ചില തരത്തിലുള്ള സാമൂഹിക വര്‍ഗീകരണങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും ജാതി അവിടെ ഒരു നിലനിന്ന രൂപമല്ല. പൊതുവില്‍ കരുതുന്നതുപോലെ ജാതിവ്യവസ്ഥക്ക്​ അയ്യായിരം വര്‍ഷത്തെ പഴക്കമൊന്നുമില്ല. ക്രിസ്തുവിന് മുമ്പുള്ള സഹസ്രാബ്ദത്തിലാണ് ജാതിയുടെ തുടക്കം. ആര്യന്‍മാരുടെ അധിനിവേശം നടക്കുന്ന കാലമാണ് അത്. ബ്രാഹ്മണ്യ തത്ത്വശാസ്ത്രം അസമമായ ഒരു സമൂഹത്തിന് മത നീതീകരണം നല്‍കി. 'ബ്രാഹ്മണ്യം'എന്ന പദം തന്നെ ഉപയോഗിക്കണം. 'ഹിന്ദുത്വ'മെന്നതല്ല. ഒരു മതത്തെ സൂചിപ്പിക്കുന്ന പ്രയോഗമെന്ന നിലയില്‍ 'ഹിന്ദുത്വ'ത്തെ നമുക്ക് വളരെ പിന്നീട് മുസ്​ലിം കാലഘട്ടത്തിനുശേഷമാണ് കാണാനാവുന്നത്. കൊളോണിയല്‍ കാലത്ത് അത് പ്രചാരം നേടുകയും 'ഇന്ത്യക്കാരുടെ'മതമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ദളിത് അവസ്ഥകള്‍, മോചനം, മാര്‍ഗം ദളിതുകളുടെ ഇന്നത്തെ പൊതു അവസ്ഥയെന്താണ്?

ദളിതുകളുടെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവര്‍ രാഷ്ട്രീയമായി ചിന്തിക്കുകയും കൂടുതലായി ഐക്യപ്പെടുകയും ചെയ്യുന്നു. തൊട്ടുകൂടായ്മയുടെ തീവ്രത ഒരുപരിധിവരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്ക് വേഗം പോരാ. സമൂഹത്തിന്‍റെ പൊതു ചലനദിശയും ദലിതരുടെ അവസ്ഥയും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. അവ രണ്ടും ഒരേ തരത്തിലല്ല ചലിക്കുന്നത്. ദലിതര്‍ ഇപ്പോഴും ഒന്നോ രണ്ടോ നൂറ്റാണ്ട് പിന്നിലാണ്. ജാതി മര്‍ദനങ്ങള്‍ പലരീതിയില്‍ നടക്കുന്നു. ദലിതര്‍ ഇപ്പോഴും കൂലി അടിമകളും ഭൂരഹിത കര്‍ഷകതൊഴിലാളികളുമാണ്. ദലിതര്‍ അധികാര ശക്തിയായിട്ടില്ല. അവർക്കിടയിടല്‍ വിശാലവും ഉറച്ചതുമായ ഐക്യം ഉണ്ടായാല്‍ മാത്രമേ കൂടുതല്‍ നല്ല മാറ്റങ്ങള്‍ സാധ്യമാകൂ.

ജാതി ഉന്മൂലനത്തിന് നിങ്ങള്‍ കരുതുന്ന മാര്‍ഗം എന്താണ്? രാഷ്ട്രീയ പരിഹാരം?

ജാതിയെ ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് ഇല്ലായ്മ ചെയ്യേണ്ടത്. പ്രതിഷേധങ്ങള്‍ അക്രമരഹിതമായിരിക്കണം. മാര്‍ക്‌സ്, അംബേദ്കര്‍, മഹാത്മ ഫുലേ എന്നിവരുടെ ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടാവണം മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കേണ്ടത്. ജാതിയെ നിര്‍മാര്‍ജനം ചെയ്യുന്നതിന് എളുപ്പ വഴിയില്ല. ജാതിയെ നിലനിര്‍ത്തുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുകയാണ് വേണ്ടത്. ജാതിക്കെതിരെയും ജാതി മര്‍ദനങ്ങള്‍ക്കെതിരെയും സമരം നടത്തണം. ദലിതുകള്‍ക്ക് ഭൂമി വേണം. അത് അവരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയമാണ്. ദളിതുകള്‍ക്ക് വ്യവസായവല്‍ക്കരണത്തില്‍, തൊഴില്‍ മേഖലയില്‍ എല്ലാം പങ്ക് വേണം. അവരുടെ ഭൂമിക്ക് വെളളം വേണം. വിപണത്തിനും മറ്റുമുളള സൗകര്യങ്ങളും വേണം. അതിന് ദളിതുകള്‍ സംഘടിക്കണം. അവര്‍ വിദ്യാഭ്യാസം നേടണം. മിശ്രവിവാഹങ്ങള്‍ നടക്കണം, ബ്രാഹ്മണ്യ ഹിന്ദുമതത്തില്‍ നിന്ന് പുറത്തുകടക്കണം. ഇങ്ങനെ പലതരത്തില്‍ നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളിലൂടെയോ ജാതി ഉന്മൂലനം സാധ്യമാകൂ.

അംബേദ്കര്‍ ഈ വിഷയത്തില്‍ എഴുതിയ ഒരു കുറിപ്പില്‍ രണ്ട് മാര്‍ഗങ്ങളാണ് പറയുന്നത്. അതില്‍ ഒന്ന് മിശ്രവിവാഹമാണ്. രണ്ടാമത് ബോധപൂര്‍വം ബ്രാഹ്മണ്യഹിന്ദുമതത്തെ നിഷേധിക്കലും. ബ്രാഹ്മണ്യത്തിന്‍റെ എല്ലാ മുന്നേറ്റങ്ങളും ദളിതര്‍ തടയണം.

'ബ്രാഹ്മണ്യത്തെ കടപുഴക്കുക' എന്ന താങ്കളുടെ പ്രയോഗത്തെപ്പറ്റി വിശദമാക്കാമോ?

ബ്രാഹ്മണ്യം അക്രമത്തിന്‍റെ പ്രത്യയശാസ്ത്രമാണ്. ഫുലേ 'ഹിന്ദുയിസം' എന്നതിനേക്കാള്‍ ബ്രാഹ്മണിസം എന്ന പദം ഉപയോഗിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഹിന്ദുയിസത്തെ മതമായി പോലും അദ്ദേഹം പരിഗണിച്ചിരുന്നില്ല. ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് ഹിന്ദുമതം നിലവിലുണ്ടായിരുന്നില്ല. ഭൂമിശാസ്ത്രപരമായ ഉത്ഭവം മാത്രമാണ് ആ വാക്കിനുളളത്്. ഇവിടെയുളള മുസ്​ലിംകളും അറിയപ്പെട്ടിരുന്നത് ഹിന്ദുസ്ഥാനികള്‍ എന്നായിരുന്നു. ഇസ്​ലാമിനും ക്രിസ്തുമതത്തിനും പുറത്ത് വൈഷണവര്‍, ശൈവര്‍, ബുദ്ധ, ജൈന മതക്കാര്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന മതത്തെ സൃഷ്ടിക്കുന്നത്. കാഞ്ച ഐലയ്യ മുമ്പ് സൂചിപ്പിച്ചതുപോലെ എല്ലാ ഹിന്ദു ദൈവങ്ങളും ആയുധമേന്തിയിരിക്കുന്നു എന്നത് യാദൃശ്ചികമല്ല. അദ്ദേഹം പറയുന്നതനുസരിച്ച് ബ്രാഹ്മണ്യത്തില്‍ ഉള്ളളടങ്ങിയിരിക്കുന്ന അക്രമത്തിന്‍റെ സൂചനയാണ് അത്. ബ്രാഹ്മണ്യം തന്നെയാണ് പ്രശ്‌നം. അതിനെയാണ് തകര്‍ക്കേണ്ടത്. ബ്രാഹ്മണ്യം എല്ലാത്തിനെയും സ്വാംശീകരിക്കും. ദലിത് മുന്നേറ്റങ്ങള്‍ക്ക് അതെപ്പറ്റി ബോധമുണ്ടായിരിക്കണം. മുമ്പ് നടന്ന ജാതിരഹിത ഭക്തിപ്രസ്ഥാനത്തെയും മറ്റ് മുന്നേറ്റങ്ങളെയും ബ്രാഹ്മണ്യം സ്വാംശീകരിച്ചു. ബ്രാഹ്മണ്യത്തെ കടപുഴക്കാതെ ജാതിവിരുദ്ധ സമൂഹത്തിലേക്ക് മുന്നേറാനോ ദളിതുകള്‍ മോചിപ്പിക്കപ്പെടാനോ പോകുന്നില്ല.

ജാതി സമരത്തിന് അക്രമോത്സുകമായ മാര്‍ഗം സ്വീകരിക്കുന്നതിനെപ്പറ്റി എന്തുപറയും? മാവോയിസം 'ആഭ്യന്തരഭീഷണി' എന്ന് ഭരണകൂടം വിലയിരുത്തുന്ന അവസ്ഥയിലേക്ക് വികസിച്ചിട്ടുണ്ട്. അതിനെ എങ്ങനെ സമീപിക്കും?

അക്രമത്തിന്‍റെ രീതികളെ ഞാന്‍ അംഗീകരിക്കുന്നില്ല. രാജ്യത്ത് ജനാധിപത്യത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് അക്രമരഹിതമായ രീതിയില്‍ ജനങ്ങളെ അണിനിരത്താനാവും. ഒരു സമരം അക്രമോത്സുകമാവണോ അക്രമരാഹിത്യം സ്വീകരിക്കണമോ എന്നത് വര്‍ഗ/ജാതി ശത്രുവിന്‍റെ പ്രതികരണത്തെയും ജനങ്ങളുടെ സന്നദ്ധതയെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സമാധാനപരമായ ജനകീയ സമരങ്ങള്‍ക്കും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിനും ഇപ്പോഴും അവസരമുണ്ട്. മാവോയിസ്റ്റ് രീതികളോട് യോജിപ്പില്ല.

സംഘടിത അക്രമം വീണ്ടും അക്രമത്തെ സൃഷ്ടിക്കും എന്നതാണ് നിലപാട്. എന്നാല്‍ അവര്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ ജനാധിപത്യധാരയിലേക്ക് വരികയാണ് വേണ്ടത്.

അക്രമോത്സുകമായ രീതിക്ക് പുറത്ത് സ്വീകാര്യമായ രീതി ഗാന്ധിയുടേതാണ്. പക്ഷേ ദലിതരുടെ പ്രഖ്യാപിത നിലപാട് ഗാന്ധിക്ക് എതിരാണല്ലോ?

ദലിത് പ്രസ്ഥാനങ്ങള്‍ക്കും ദലിത് മോചനത്തിനും ഗാന്ധിയില്‍ നിന്ന് ഒന്നും സ്വീകരിക്കാനില്ല. ജാതി വിഷയത്തില്‍ ഗാന്ധി ദലിത് വിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. പ്രത്യേക തെരഞ്ഞെടുപ്പ് അവകാശം എന്ന വിഷയത്തില്‍ വട്ടമേശ സമ്മേളനം നടന്നപ്പോള്‍ സത്യത്തില്‍ അംബേദ്കറിന്‍റെ ആദ്യ മുഖ്യ എതിരാളി ഗാന്ധിയായിരുന്നു. പക്ഷേ ഗാന്ധിയില്‍ നിന്ന് നമുക്ക് പലതും ഉള്‍ക്കൊള്ളാനുണ്ട്. ജനങ്ങളെ അണിനിരത്താനുള്ള കഴിവ്, അക്രമരഹിത രീതീകളുടെ ചലനാത്മകത എന്നിവ നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം. രാമരാജ്യം പോലുള്ള ഗാന്ധിയുടെ സങ്കല്‍പങ്ങള്‍ ദലിത് വിരുദ്ധമാണ്. രാമന്‍ ദളിത് വിരുദ്ധനായ സവര്‍ണ ഭരണാധികാരിയായിരുന്നു എന്ന് നമുക്കറിയാം.

ദളിതരുടെ മാത്രം രാഷ്ട്രീയ സംഘടന എന്ന നിലയില്‍ നിന്ന് എല്ലാ വിഭാഗക്കാരെയും ഒരു വ്യക്തമായ ജാതിവിരുദ്ധ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ച് മുന്നേറുകയല്ലേ വേണ്ടത്?

ദലിതുകള്‍ ഭരണവര്‍ഗ സമൂഹമാവണം എന്നു പറയുമ്പോള്‍ അംബേദ്കര്‍ ഉദ്ദേശിച്ചത് അവര്‍ തങ്ങളുടെ ആവശ്യങ്ങളെ മാത്രം പ്രതിനിധീകരിക്കണമെന്നല്ല, മുഴുവന്‍ സമൂഹത്തിന്‍റെയും താല്‍പര്യംകണക്കിലെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല പ്രതിനിധീകരിക്കേണ്ടത്. മുഴുവന്‍ സമൂഹത്തിനും അനുഗുണമായ നയം അത് രൂപീകരിക്കണം. മായാവതിയുടെ നേതൃത്വത്തില്‍ ബി.എസ്.പി. ഉയര്‍ത്തിയ 'സര്‍വജന്‍ സമാജ്' അത്തരം ഒരു നീക്കമായിരുന്നു. കേവലം ദളിത് വിഭാഗത്തിന്‍റെ പ്രതിഷേധ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് മുഴുവന്‍ രാജ്യത്തിനും വേണ്ടിയുളള പദ്ധതികളുളള പാര്‍ട്ടി വേണം. എന്നാല്‍ മായാവതിയുടെ രീതികളോട് എനിക്ക് ചില എതിര്‍പ്പുകളുണ്ട്. ഭരത് പടന്‍കര്‍ പറഞ്ഞതുപോലെ കന്‍ഷിറാമുള്ളപ്പോഴുള്ള ബി.എസ്.പിയല്ല ഇപ്പോഴുള്ളത്.

കമ്യൂണിസ്റ്റുകളും ജാതിയും

നേരത്തെ 'ഇടത്-പുരോഗമനം' എന്ന് പരിഹസിക്കുന്ന മട്ടില്‍ പറഞ്ഞു. അതില്‍ തന്നെ ഒരു ഇടതുപക്ഷ വിമര്‍ശനമുണ്ട്​. എന്താണ് കമ്യൂണിസ്റ്റുകളോടും ഇടതുപക്ഷങ്ങളോടും നിങ്ങള്‍ക്കുള്ള നിലപാട്?

ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് എനിക്ക് യോജിപ്പില്ല. അവര്‍ കമ്യൂണിസ്റ്റുകളേയല്ല. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്തവരാണ് കമ്യൂണിസ്റ്റുകള്‍ എന്ന അഭിപ്രായം ഇല്ല. അവരുടെ നയങ്ങളോടാണ് എതിര്‍പ്പ്. ജാതി പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വര്‍ഗസമരത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ ഊന്നല്‍. ജാതി തൊഴിലിനെ മാത്രമല്ല, തൊഴിലാളികളെയും വിഭജിക്കുന്നതാണ് എന്ന് അംബേദ്കര്‍ പറഞ്ഞത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. വര്‍ഗസമരം പൂര്‍ത്തിയാകുന്നതോടെ ജാതി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുള്ള ഇടതുപക്ഷത്തിന്‍റെ ധാരണയോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. ആഗോളീകരണത്തിന്‍റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടു.

ആഗോളീകരണത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു എന്നത് കൊണ്ട് ഉദ്ദേശിച്ചത്?

ഇടതുപക്ഷത്തിന് ആഗോളീകരണത്തിനെതിരെ ഫലപ്രദമായ പരിഹാരം നിര്‍ദേശിക്കാനായില്ല. ആഗോളീകരണത്തോടുളള അവരുടെ എതിര്‍പ്പില്‍ തന്നെ അവര്‍ ചാഞ്ചാടുകയാണ്. കമ്യുണിസ്റ്റുകള്‍ ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നു. പക്ഷേ ഏതുതരം ആഗോളവല്‍ക്കരണത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നതില്‍ അവര്‍ക്ക് വ്യക്തതയില്ല. അവര്‍ ശ്രമിക്കുന്നത് പഴയ 'ഭരണകൂട മുതലാളിത്ത' സമൂഹത്തിനുവേണ്ടിയാണ്. ബ്രാഹ്മണര്‍ നിയന്ത്രിക്കുന്ന പൊതുമേഖലയാണ് കമ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റായി കാണുന്നത്. അതാണ് ആഗോളക്രമത്തിന് ബദലും പരിഹാരവുമായി അവര്‍ കാണുന്നത്. അതുകൊണ്ടാണ് നന്ദിഗ്രാമുകള്‍ ഉണ്ടായത്. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ചൂഷണത്തെ എതിര്‍ക്കണം. പക്ഷേ ആഗോളീവല്‍ക്കരത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിക്കാനുള്ള മനസ്സും ഉണ്ടാവണം.

സി.പി.എമ്മിനെ സ്റ്റാലിനിസ്റ്റ് പാര്‍ട്ടി എന്നു നിങ്ങള്‍ വിളിക്കുന്നത്?

അതെ, സി.പി.എം. അതിന്‍റെ പ്രവര്‍ത്തന രീതിയിലും സ്വഭാവത്തിലും സ്റ്റാലിനിസ്റ്റാണ്. ഭരണമുള്ളയിടങ്ങളില്‍ അവര്‍ അത് തെളിയിച്ചുകഴിഞ്ഞു. സി.പി.ഐയും സി.പി.എമ്മും വലതുപക്ഷ- ബൂര്‍ഷ്വാ പാര്‍ട്ടികള്‍ മാത്രമാണ്. രണ്ടും ബ്രാഹ്മണ പാര്‍ട്ടികളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല. സവര്‍ണ സമുദായത്തില്‍ നിന്ന് ജനിച്ചവരുടെ കൈയിലാണ് തുടക്കം മുതലേ ഈ പാര്‍ട്ടികള്‍ ഉണ്ടായിരുന്നത്. ബ്രാഹ്മണ്യ സേവയാണ് അവര്‍ നടത്തുന്നത്. അധികാരത്തില്‍ തുടരുക വഴി എല്ലാ ജീര്‍ണതകളും അതിന് സംഭവിച്ചുകഴിഞ്ഞു. പലപ്പോഴും സാമ്രാജ്യത്വത്തിന്‍റെ പിണിയാളുകളുടെ റോളാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ബംഗാളിലും കേരളത്തിലും ദളിതുകളും ആദിവാസികളും മറ്റ് പിന്നോക്ക ജാതിക്കാരും അവര്‍ക്കെതിരെ സമരരംഗത്തിറങ്ങുന്നത്. സി.പി.എം. ഉള്‍പ്പടെയുള്ള പാര്‍ട്ടിയിലും ജാതി-സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്നു. ഗൗരിയമ്മയുടെ അനുഭവം തന്നെ തെളിവാണ്. ജാതിക്കെതിരെ ശക്തമായ നിലപാട് ഗൗരിയമ്മ മുന്നോട്ടു​െവച്ചില്ലെങ്കിലും, അവര്‍ ആദിവാസി ഭൂ പ്രശ്‌നത്തിലുള്‍പ്പടെ കൃത്യമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഇവരെയാണ് ബ്രാഹ്മണ്യാധിപത്യം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

പക്ഷേ,ദലിത് പക്ഷ ചിന്തകര്‍ പൊതുവില്‍ കമ്യൂണിസ്റ്റ്/ഇടതുപക്ഷത്തെയാണ് കൂടുതല്‍ വിമര്‍ശിക്കുന്നത്. ഫലത്തില്‍ ദലിത് ചിന്ത ഇടതുവിരുദ്ധമായാണ് കാണപ്പെടുന്നത്. അത്​ ശരിയായ രാഷ്ട്രീയ സമീപനമായി തോന്നുന്നുണ്ടോ?

ദലിത് പക്ഷ ചിന്തകര്‍ കമ്യൂണിസ്റ്റുകാരെ ശത്രുക്കളായി കാണുന്നില്ല. ദലിത് പക്ഷത്തിന് കമ്യുണിസ്റ്റുകാര്‍ സ്വീകാര്യരാവേണ്ടിയിരുന്നു. അതിന് പക്ഷേ ദലിതരെ കുറ്റം പറയാനാവില്ല. കമ്യൂണിസ്റ്റുകാരുടെ നയവൈകല്യമാണ് കാരണം. കമ്യൂണിസ്റ്റുകള്‍ ജാതി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാതെ അവര്‍ ബ്രാഹ്മണ്യത്തിന്‍റെ സേവകരാകുകയാണ് ചെയ്തത്. അവര്‍ ജാതിവിരുദ്ധ/ദലിത് സമരങ്ങളെ നേതൃത്വം നല്‍കേണ്ടിയിരുന്നു. അതുചെയ്യാത്തതുകൊണ്ടാണ് വിമര്‍ശനം.

ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ നിലവിലുള്ള സാഹചര്യത്തെ വിശകലനം ചെയേ്ണ്ടതുണ്ട്. എന്നിട്ടുവേണം തങ്ങള്‍ കാഴ്പ്പാടുകള്‍ എങ്ങനെ നേടുമെന്ന ധാരണയിലെത്താന്‍. ഇടതുപക്ഷക്കാര്‍ ജാതിയെ സൈദ്ധാന്തികമായി നിരാകരിക്കുകയാണ് ചെയ്തത്. അംബേദ്കറോടും ദലിത്, ജാതി, ലിംഗം എന്നീ വിഷയങ്ങളോടുമുളള സമീപനത്തില്‍ അവര്‍ തങ്ങളുടെ പഴയ നിലപാടുകള്‍ മാറ്റിയെന്നതിന് ഒരു തെളിവുമില്ലതാനും.

ഭരത് പടന്‍കറിന്‍റെ നേതൃത്വത്തിലുള്ള ശ്രമിക് മുക്തിദള്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറഞ്ഞു. പക്ഷേ, അത്​ ഇടതുപക്ഷ ഗ്രൂപ്പ് കൂടിയാണല്ലോ?

ശ്രമിക് ദള്‍ പുരോഗമന നിലപാടകളുള്ള ഇടതുപക്ഷ സംഘടനയാണ്. വര്‍ഗസമരത്തിനു പുറമേ കമ്യൂണിസ്റ്റുകള്‍ ജാതി സമരവും നടത്തണമെന്നായിരുന്നു അവരുടെ നിലപാട്. മാര്‍ക്‌സ്, അംബേദ്കര്‍, ഫുലേ എന്നിവരുടെ ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സംഘടനയാണ് ശ്രമിക് മുക്തി ദള്‍. കര്‍ഷകരും തൊഴിലാളികളും അടിസ്ഥാന ജാതി വിഭാഗങ്ങളുമാണ് അവരുടെ അടിത്തറ. കൂട്ടായ ചര്‍ച്ചകളിലുടെയും സംവാദങ്ങളിലൂടെയും ജനാധിപത്യ അന്തരീക്ഷം ആ സംഘടനയില്‍ നിലനില്‍ക്കുന്നു. 1980 ല്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് സംഘടനയ്ക്ക് രൂപംകൊടുത്തത്. സ്ത്രീകളുടെ മോചനം എന്ന പ്രശ്‌നവും അവര്‍ ഏറ്റെടുത്തു. പരിസ്ഥിതി വിഷയങ്ങളില്‍ ശാസ്ത്രീയമായ നിലപാടുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ജനാധിപത്യത്തിന്‍റെ മാര്‍ഗങ്ങളുപയോഗിച്ച് അക്രമരഹിതമായ മാര്‍ഗത്തില്‍ പോരാടുന്ന സംഘടനയാണ് അത്. മുമ്പ് ഞാന്‍ അതില്‍ സജീവമായിരുന്നു; പ്രത്യേകിച്ച് സ്ത്രീ പ്രസ്ഥാനത്തില്‍. പ്രായവും അക്കാമദിക് പ്രവര്‍ത്തനത്തിലെ കേന്ദ്രീകരണവും മൂലം ഞാനിപ്പോള്‍ സജീവമല്ല.

ജാതിക്ക് ഊന്നല്‍ നല്‍കിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ചെയ്യുന്നതുപോലെ വര്‍ഗം എന്ന യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കേണ്ടതല്ലേ?

വര്‍ഗം തീര്‍ച്ചയായുമുണ്ട്. ജാതി ഏറ്റവും അവഗണിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് എന്നു പറയുമ്പോള്‍ നമ്മള്‍ വര്‍ഗ വസ്തുതകളെയും സാമ്പത്തിക ചൂഷണത്തെയും അവഗണിക്കുകയല്ല ചെയ്യേണ്ടത്. പക്ഷേ എന്താണോ അവഗണിക്കപ്പെട്ടിരുന്നത് അതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

ഏതൊരു പുരോഗമന/വിപ്ലവ മാറ്റത്തിനും ആവശ്യംവേണ്ടത് നമ്മള്‍ക്കു വേണ്ട ലോകത്തെപ്പറ്റി ഒരു കാഴ്പ്പടും നിലവിലുള്ള സാഹചര്യത്തെപ്പറ്റി വിശകലനമാണ്. ഇന്ത്യയിലെ പരമ്പരാഗത 'ഇടതുകാര്‍', അത് ജ്യോതിബസുവിന്‍റെ സി.പി.എമ്മോ അല്ലെങ്കില്‍ നക്‌സലൈറ്റുകളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായിക്കോട്ടെ ഇതില്ല. ഇന്നത്തെ ലോകത്ത് 'സോഷ്യലിസം' എന്ന വാക്കുപോലൂം അര്‍ത്ഥരഹിതാമാവുകയാണ്. നമ്മള്‍ കുറച്ചുകൂടി ഇക്കാര്യത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് രവിദാസിന്‍റെ 'ബെഗുംപുര', ഫുലേയുടെ 'ബലി രാജ്യം' തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ജാതിപരമായ ചൂഷണത്തെയും പിതൃദായക്രമത്തെയും വര്‍ഗത്തിനുകൊടുക്കുന്ന അതേ പ്രാധാന്യനത്തോടെ നമ്മള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. വര്‍ഗം, പിതൃദായക്രമം, ജാതി എന്നീ മൂന്ന് ചൂഷണ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള വിശകലനമാണ് വേണ്ടത്.

സംഘപരിവാര്‍, ദേശിയത

'പ്രാചീന ഇന്ത്യ ബൗദ്ധ ഇന്ത്യയായിരുന്നു' എന്നു താങ്കളുടെ ലേഖനത്തില്‍ പറയുന്നു. എന്തുകൊണ്ടാണ്?

പ്രാചീന ഇന്ത്യ ബൗദ്ധരുടേതാണ്. അതിന് വ്യക്തവും ആധികാരികവുമായ തെളിവുകളുണ്ട്. ഇന്ത്യാ ചരിത്രത്തെ മൂന്നായി വിഭജിക്കാനുള്ള ഒരു പ്രവണത ഇപ്പോഴുമുണ്ട്. അതായത് പ്രാചീന, മധ്യകാല, ആധുനിക ഇന്ത്യകള്‍ എന്നിങ്ങനെ. മതങ്ങളുമായി ബന്ധപ്പെടുത്തിയും ഈ വിഭജനം സൂചിപ്പിക്കാറുണ്ട്. നാം കലയെയും വാസ്തുവിദ്യയെയും മാത്രം പരിഗണിച്ചാലും നാലാംനൂറ്റാണ്ടിലെ ഗുപ്തകാലഘട്ടത്തിനു മുമ്പ് 'ഹിന്ദ്' (ശൈവ) ക്ഷേത്രങ്ങളൊന്നും തന്നെ കണ്ടെത്താനാവില്ല. പകരം അതിശയകാരികളായ ഗുഹകളും സ്തൂപങ്ങളും വിഹാരങ്ങളും കൂറ്റന്‍ തൂണുകളും സൂക്ഷ്മമായ കൊത്തുപണികളും ചിത്രങ്ങളും ഒക്കെയാണ് കാണാനാവുക. ഇവയെല്ലാം ബുദ്ധമതവുമായി താദാത്മ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്രി.മു 5-ാം നൂറ്റാണ്ടുമുതല്‍ ക്രി.പി. 5-ാം നൂറ്റാണ്ടുവരെയുള്ള സഹസ്രാബ്ദത്തില്‍ ഉയര്‍ന്നുവന്ന രാജഭരണങ്ങളെ പരിഗണിച്ചാല്‍ മൗര്യരും കുശാനരും ശതവാഹനരുമാണ് അവയില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നതെന്നു കാണാം. ഇവ പൊതുവെ ബുദ്ധമത പ്രധാനങ്ങളായിരുന്നു. അന്നത്തെ ഭരണകൂടങ്ങള്‍ക്ക് ബുദ്ധമതവുമായി ബന്ധമുണ്ടായിരുന്നതുകൊണ്ടുമാത്രമല്ല നമ്മള്‍ പ്രാചീന ഇന്ത്യയെ ബൗദ്ധ ഇന്ത്യ എന്ന് വിളിക്കുന്നത്. ക്രി.പി 6-7 നൂറ്റാണ്ടുകളില്‍ മാത്രമാണ് 'ഹിന്ദു' പുനരുജ്ജീവനമാരംഭിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരുടെ ശക്തിമത്തായ മുന്നേറ്റങ്ങളിലേക്ക് അത് നയിച്ചു. 7, 8 നൂറ്റാണ്ടുകളോടു കൂടിയാണ് ബ്രാഹ്മണ്യം വിജയം കൈവരിക്കുന്നത്.

ബ്രാഹ്മണ്യത്തിന്‍റെ രാഷ്ട്രീയ രൂപമായി വിലയിരുത്തപ്പെട്ടത് സംഘ്പരിവാറിനെയാണ്. അവരുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി എന്തുപറയും?

ദലിത് മുന്നേറ്റങ്ങളെ തടയിടനാണ് സവര്‍ണ ഹിന്ദുമുന്നേറ്റം സംഘപരിവാര്‍ നടത്തുന്നത്. മണ്ഡല്‍ കാലത്താണ് ഇത് ശക്തമായത്. ഇന്ന്​ അതിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കേ തിരിച്ചടി നേരിട്ടിട്ടുള്ളൂ. ആര്‍.എസ്. എസ് ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നത് മറന്നൂകൂടാ. ആര്‍.എസ്.എസിന് ഒന്നും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസുള്‍പ്പടെ പാര്‍ട്ടികളിലും അധികാരത്തിലും അവരുടെ പ്രവര്‍ത്തകരെ കയറ്റിവിട്ടിട്ടുണ്ട്. ഹിന്ദുത്വശക്തികള്‍ ഇനിയും ശക്തിയാര്‍ജിക്കാതിരിക്കാന്‍ സമൂഹം ബോധപൂര്‍വം ശ്രമം നടത്തണം. ബ്രാഹ്മണ്യത്തിന്‍റെ സ്വാംശീകരണ തന്ത്രത്തെ മറന്നൂകുടാ. അത് നമ്മളിലേക്ക് പല രൂപത്തില്‍ കടന്നുവരും.

ദലിത് പ്രശ്‌നം ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നു കൂടിയാണ്. ദലിത് മുന്നേറ്റത്തില്‍ ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയുടെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു?

ബ്രാഹ്മണ്യം പ്രാദേശിക സംസ്‌കാരത്തെയും ഭാഷയെയും അത്യധികമായി അധിനിവേശപ്പെടുത്തിയിട്ടണ്ട്. തീര്‍ച്ചയായും കലാപത്തിന്‍റെയും എതിര്‍പ്പിന്റെയും തലത്തില്‍ അനുകൂലമായ തലങ്ങള്‍ ദേശീയതകള്‍ക്കുള്ളില്‍ കണ്ടെത്താനാവും. മഹാബലിയെ അവര്‍ണ ബിംബമായി ഉയര്‍ത്തിക്കാട്ടുന്ന ശ്രമങ്ങളെപ്പോലെ. പക്ഷെ ഇത്തരം ശ്രമങ്ങളെയും ബ്രാഹ്മണ്യ സ്വാംശീകരണത്തില്‍ നിന്ന് മോചിപ്പിക്കണം. ദലിതുകള്‍ ഒരിക്കലും ദേശീയതയില്‍ കുടുങ്ങിക്കിടക്കരുത്. അവര്‍ ലോകത്തെ തന്നെ അരങ്ങാക്കണം. കമ്പ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം.

കൊച്ചിയിലെ പ്രസംഗത്തിലും മേധാപട്കറുടെ നയങ്ങളെ വിമര്‍ശിച്ചു. അതെത്രമാത്രം യാഥാര്‍ത്ഥ്യങ്ങളോട് ഒത്തുപോകുന്നുണ്ട്?

മേധാപട്കറുടെ നയങ്ങളോട് ചില എതിര്‍പ്പുണ്ട്. മേധ പറഞ്ഞത് 'വന്‍ അണക്കെട്ടുകള്‍ വേണ്ട' എന്നാണ്. അങ്ങനെ ഒരു നിലപാട് സാര്‍വത്രികമായി ഉയര്‍ത്തിക്കൂടാ. ഓരോ മേഖലയിലെ സവിശേഷ അവസ്ഥകള്‍ പരിഗണിച്ചുവേണം അണക്കെട്ടുകള്‍ വേണ്ട അല്ലെങ്കില്‍ വേണം എന്നു പറയേണ്ടത്. ചിലപ്പോള്‍ ചെറിയ അണക്കെട്ടുകള്‍ മതിയെന്നാവും നമ്മള്‍ വാദിക്കുക. അതിന് ഓരോ മേഖലയുടെയും സവിശേഷ സാഹചര്യങ്ങള്‍ പഠിക്കണം.

'വന്‍ അണക്കെട്ടുകള്‍ വേണ്ട' എന്ന മേധയുടെ നിലപാട് ജനങ്ങളുടെ പിന്തുണ നേടാന്‍ പര്യാപ്തമായ ഒന്നായിരുന്നില്ല. നര്‍മദ സമരത്തെ ഞങ്ങള്‍ എതിര്‍ത്തില്ല. ആ നിലപാടിനോടാണ് എതിര്‍പ്പ്. വന്‍ അണക്കെട്ടുകള്‍ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ പല പ്രധാന കാര്യങ്ങളും മേധാ പട്കര്‍ വിട്ടുകളയുന്നുണ്ട്. വരള്‍ച്ചാ ബാധിത മേഖലയില്‍ കഴിയുന്നുവരുടെ പ്രശ്‌നമുണ്ട്. എല്ലാവര്‍ക്കും കുടിവെളളം എന്ന പ്രശ്‌നമുണ്ട്. കുടിയിറക്കപ്പെട്ടവര്‍ക്ക് നീതി എന്ന ലോക ബാങ്ക് നിര്‍ദേശങ്ങള്‍ പിന്തുടരുകയായിരുന്നു ഒരുകാലത്ത് മേധാപട്ക്കര്‍. ആ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് (ഗൃഹനാഥന്‍) മാര്‍ക്ക് മാത്രമേ പകരം ഭൂമിക്ക് അര്‍ഹതയുളളൂ.

വൃഷ്ടി പ്രദേശത്തു തന്നെ ഭൂമി നല്‍കിക്കൊണ്ടുളള പുനരധിവാസമാണ് വേണ്ടത്. അതുപോലെ, വരള്‍ച്ച മേഖലയിലുളള ഭൂരഹിതരുള്‍പ്പടെയുളള എല്ലാ കുടുംബത്തിനും അണക്കെട്ടില്‍ നിന്ന് തുല്യമായി അളവില്‍ വെള്ളവും കിട്ടണം. വരള്‍ച്ചാമേഖലയിലെ പ്രശ്‌നങ്ങള്‍ മധ്യവര്‍ഗ പരിസ്ഥിതിവാദികള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനേക്കാള്‍ വളരെ അധികം ഇരട്ടി 'അഭയാര്‍ത്ഥികള്‍' വരള്‍ച്ചാ മേഖലയില്‍ നിന്നാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു മറന്നുപോകുന്നു.

മഹാബലി അവര്‍ണ പോരാട്ട ബിംബം

ബലിരാജ് സാംസ്‌കാരിക പ്രസ്ഥാനത്തിന്‍റെ ദേശീയ ആക്റ്റിംഗ് വര്‍ക്കിംഗ് പ്രസിഡന്റാണ് നിങ്ങള്‍. സംഘടനയെപ്പറ്റി വിശദീകരിക്കുമോ?

അഖിലേന്ത്യാ തലത്തിലുള്ള ഒരു സാംസ്‌കാരിക സംഘടനയാണ് ബലിരാജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രൂപംകൊടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ​. ഇപ്പോഴും ശൈവദശയിലാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക, മത, രാഷ്ട്രീയ, സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെയുമുള്ള പോരാട്ടത്തിന് വിശാലമായ സാംസ്‌കാരിക അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം. ബ്രാഹ്മണ്യം, ജാതി, ഹിന്ദു മൗലികവാദം എന്നിവയ്‌ക്കെതിരെയുള്ള സാംസ്‌കാരിക മുന്നേറ്റമാണിത്. കേരളത്തിലെ മഹാബലി സങ്കല്‍പത്തെയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സവര്‍ണതക്കെതിരയുള്ള അവര്‍ണ പോരാട്ടങ്ങളില്‍ മഹാബലിയെ പ്രതീകമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interviewGail Omvedt
News Summary - Don't speak about caste, You'll be branded as casteist`` Gail Omvedt
Next Story