പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ, മോദി 'ജുംല ജീവി' യായെന്ന് കോൺഗ്രസ്
text_fieldsഅന്ധവിശ്വാസങ്ങളെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സ്ഥാനത്തിന്റെ അന്തസ്സ് താഴ്ത്തുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണ പരാജയങ്ങൾ മറച്ചുവെക്കാൻ 'ബ്ലാക്ക് മാജിക്' പോലുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് മോദി സംസാരിക്കരുത് എന്നും രാഹുൽ പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങളെ സംബന്ധിച്ച് ഇനിയും പ്രതികരിക്കുമെന്നും ഒരിക്കൽ 'ജുംല ജീവിക്ക്' ഇതിന് മറുപടി പറയേണ്ടി വരുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.
വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിൽ ആഗസ്റ്റ് അഞ്ചിന് കറുത്ത വസ്ത്രം ധരിച്ചതിന് പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ മറുപടി. 'ബ്ലാക്ക് മാജിക്കിൽ' വിശ്വസിക്കുന്നവർക്ക് ഇനി ഒരിക്കലും ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. അതേസമയം, രാജ്യത്തെ പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ കാണാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലേയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. "പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് താഴ്ത്തുന്നത് നിർത്തുക. നിങ്ങൾ ബ്ലാക്ക് മാജിക് പോലുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിങ്ങൾ ഉത്തരം നൽകേണ്ടിവരും" -രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
നിഷേധാത്മകതയുടെ ചുഴിയിൽ കുടുങ്ങി നിരാശയിൽ മുങ്ങിയ ചിലർ രാജ്യത്തുണ്ടെന്നും സർക്കാരിനെതിരെ കള്ളം പറഞ്ഞിട്ടും ഇത്തരക്കാരെ വിശ്വസിക്കാൻ പൊതുസമൂഹം തയ്യാറല്ലെന്നും നിരാശയിൽ ഇവരും മന്ത്രവാദത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് കാണുന്നതെന്നും ഒരു പരിപാടിയിൽ മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ 'കാലാജാഡു'(ബ്ലാക്ക് മാജിക്) പരാമർശത്തിനെതിരെയാണ് കോൺഗ്രസിന്റെ മറുപടി. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, "ജുംലജീവി" ഒന്നും പറയുന്നില്ല -കോൺഗ്രസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.