പണച്ചാക്ക് രാഷ്ട്രീയം പയറ്റി പാർട്ടിയെ തകർക്കാൻ നോക്കേണ്ട -മമത
text_fieldsമിഡ്നാപുർ: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിെൻറ ഭരണം അവസാനിപ്പിക്കാൻ അമിത് ഷായും കൂട്ടരും പയറ്റുന്ന തന്ത്രം വിജയിക്കുകയാണോ?
മിഡ്നാപുരിലെ കോളജ് ഗ്രൗണ്ടിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ റാലിയിൽ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെയും കുടുംബത്തിെൻറയും അസാന്നിധ്യമാണ് ഈ ചോദ്യമുയർത്തുന്നത്. മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന സുവേന്ദു അധികാരി. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു നേതൃത്വവുമായി പിണങ്ങി അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
അധികാരി കുടുംബത്തിെൻറ സ്വാധീനകേന്ദ്രമായ മിഡ്നാപുരിൽ നടന്ന മമതയുടെ റാലിയിൽ സുവേന്ദുവും പിതാവ് ശിശിർ അധികാരിയും സഹോദരങ്ങളും വിട്ടുനിന്നത് ഏറെ സംശയങ്ങൾ ഉയർത്തുന്നു. മുൻ കോൺഗ്രസ് നേതാവും തൃണമൂൽ കോൺഗ്രസിെൻറ സ്ഥാപകനേതാവുമായ ശിശിർ അധികാരി കാന്തി മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്. സുവേന്ദുവിെൻറ സഹോദരൻ ദിവ്യേന്ദു അധികാരി പാർലമെൻറിൽ തംലുക് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. മറ്റൊരു സഹോദരനായ സൗമേന്ദു ഇൗസ്റ്റ് മിഡ്നാപുരിൽ നിന്നുള്ള ടി.എം.സി എം.എൽ.എയാണ്. ഇവരൊഴികെ മുഴുവൻ ടി.എം.സി നേതാക്കളും എം.എൽ.എമാരും റാലിയിൽ പങ്കെടുത്തിരുന്നു.
ബി.ജെ.പി തങ്ങൾക്ക് എതിരുനിൽക്കുന്ന സംസ്ഥാനങ്ങളെ പണച്ചാക്ക് രാഷ്ട്രീയത്തിലൂടെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ഇടഞ്ഞ നേതാക്കന്മാരുടെ പേരെടുത്തു പറയാതെ റാലിയിൽ മമത ആഞ്ഞടിച്ചു. പാർട്ടി നേതൃത്വത്തിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ ഏറ്റവും സത്യസന്ധമായ പാർട്ടിയാണ് തൃണമൂലെന്ന് തിരിച്ചറിയണമെന്നും കാവിരാഷ്ട്രീയത്തിന് ഒരിക്കലും പാർട്ടി കീഴടങ്ങില്ലെന്നും റാലിയെ അഭിസംബോധന ചെയ്ത മമത വ്യക്തമാക്കി. പാർട്ടിയെ ബ്ലാക്മെയിൽ ചെയ്യാനും വിലപേശാനും ആരെയും അനുവദിക്കില്ല. അഴിമതിക്കാർ ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബി.ജെ.പി നേതാക്കന്മാരായി രംഗപ്രവേശം ചെയ്തിരിക്കുന്ന പലരും മുമ്പ് സി.പി.എമ്മിെൻറ ഗുണ്ടകളായിരുന്നവരാണെന്നും മമത ആരോപിച്ചു.
തൃണമൂലിെൻറ കൊടിയോ ബാനറോ ഇല്ലാതെ കഴിഞ്ഞയാഴ്ച സുവേന്ദു അധികാരി വെസ്റ്റ് മിഡ്നാപുരിലെ ഗർബെട്ടയിൽ വൻ റാലി വിളിച്ചുചേർത്തിരുന്നു. മിഡ്നാപുർ, ബങ്കുര, പുരുലിയ, ജർഗ്രാം തുടങ്ങിയ മേഖലയിലെ 45ഓളം നിയമസഭ സീറ്റുകളിൽ അധികാരി കുടുംബത്തിന് നിർണായക സ്വാധീനമുണ്ട്. നന്ദിഗ്രാം സംഭവത്തിൽ ഗ്രാമീണരെ സംഘടിപ്പിക്കുകയും തൃണമൂൽ കോൺഗ്രസിന് മേഖലയിൽ അടിത്തറ പണിയുകയും ചെയ്ത നേതാവായിരുന്നു സുവേന്ദു അധികാരി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി പാർട്ടിയിൽ പിടിമുറുക്കാൻ നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സുവേന്ദു മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാൽ, രാജിക്കു പിന്നിൽ സംസ്ഥാനം പിടിക്കാൻ അമിത് ഷാ നടത്തുന്ന തന്ത്രമാണെന്നാണ് തൃണമൂൽ കേന്ദ്രങ്ങൾ രഹസ്യമായി ആരോപിക്കുന്നത്. പാർട്ടി അംഗത്വമോ എം.എൽ.എ സ്ഥാനമോ സുവേന്ദു രാജിവെച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.