‘രാഹുൽ ഗാന്ധിയെ വിലകുറച്ചു കാണരുത്, അദ്ദേഹം വിജയം അറിഞ്ഞുതുടങ്ങി’; മുന്നറിയിപ്പുമായി സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റം വന്നെന്നും അദ്ദേഹത്തിന്റെ നീക്കങ്ങളെ വിലകുറച്ചു കാണരുതെന്നുമുള്ള മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. രാഷ്ട്രീയത്തിൽ രാഹുൽ ഇപ്പോൾ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും സ്മൃതി ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
‘രാഹുൽ ഗാന്ധി ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്റിൽ വെള്ള ടീഷർട്ടണിഞ്ഞ് വരുമ്പോഴുമെല്ലാം യുവതക്ക് നൽകുന്ന സന്ദേശമെന്തായിരിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളാണ് അദ്ദേഹം നടത്തുന്നത്. അതിനെ നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ തോന്നിയാലും വിലകുറച്ചു കാണരുത്. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പ്രാധാന്യം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണത്’ –സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനങ്ങളടക്കമുള്ള കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങൾ അദ്ദേഹത്തിന് ഗുണം ചെയ്തില്ലെന്നും സ്മൃതി അഭിപ്രായപ്പെട്ടു. അത് വോട്ടർമാരിൽ സംശയമാണുണ്ടാക്കിയത്. അതൊരു തമാശയായി മാറുകയായിരുന്നു. ഇത്തരം പരാജയ തന്ത്രങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തോടെയാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയത്. പഴയ തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതിരാഷ്ട്രീയത്തിലേക്ക് കളംമാറ്റിയെന്നും സ്മൃതി പറഞ്ഞു.
രാഹുൽ ഗാന്ധിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ കോൺഗ്രസ് നേതാവ് കിശോരി ലാൽ ശർമയോട് പരാജയപ്പെട്ടിരുന്നു. രാഹുലിനെ തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതിക്ക് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനിൽനിന്നേറ്റ പരാജയം കനത്ത തിരിച്ചടിയായിരുന്നു. 2014ൽ രാഹുലിനെതിരെ അമേത്തിയിൽ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി 2019ൽ ഇതേ സീറ്റിൽ രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.