'താൽപര്യമില്ലെങ്കിൽ കാണാതിരുന്നാൽ പോരേ'; വാർത്താചാനലുകളെ നിയന്ത്രിക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാർത്താ ചാനലുകളെയും പരിപാടികളുടെ ഉള്ളടക്കത്തെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി തള്ളി സുപ്രീംകോടതി. പ്രേക്ഷകർക്ക് ചാനൽ പരിപാടികൾ കാണാനോ കാണാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് അഭയ് ഓഖ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ ഹൈകോടതികളിലേക്ക് പോകാതെ നേരിട്ട് സുപ്രീംകോടതിയിൽ ഹരജി നൽകുന്നതിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
'നിങ്ങൾക്ക് വാർത്താ ചാനലുകൾ ഇഷ്ടമല്ലെങ്കിൽ അത് കാണാതിരിക്കാമല്ലോ. ടി.വി കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ട്' -കോടതി വ്യക്തമാക്കി. ഇലക്ട്രോണിക് മാധ്യമങ്ങളെയും ബ്രോഡ്കാസ്റ്റേഴ്സിനെയും നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും ഹരജിയിൽ ആവശ്യമുണ്ടായിരുന്നു.
മാധ്യമപ്രവർത്തനത്തിന്‍റെ പേരിൽ വ്യാജവാർത്തകൾ, മോശം പത്രപ്രവർത്തനം, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ പ്രചരിക്കുന്നുണ്ടെന്നും സാമുദായിക സ്പർധക്ക് കാരണമാകുന്നുണ്ടെന്നും ഹരജിയിൽ പറഞ്ഞു. എന്നാൽ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നത് കാഴ്ചപ്പാടിന്‍റെ വിഷയമാണെന്ന് കോടതി പറഞ്ഞു. ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം എങ്ങനെയാണ് അംഗീകരിക്കുകയെന്നും ചോദിച്ച് കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.