ഇന്ദോറിൽ ‘ലോകാവസാന’ മയക്കുമരുന്ന് കേന്ദ്രം; അമ്പരന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വൈദ്യ സമൂഹവും മയക്കുമരുന്ന് മാഫിയയും ഒരുപോലെ കൊതിക്കുന്ന, അതി അപകടകാരി കൃത്രിമ മയക്കുമരുന്നായ ഫെൻറലിെൻറ വൻ ശേഖരം മധ്യപ്രദേശിലെ ഇന്ദോറിൽ പിടികൂടി.
ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ഉദ്യോഗസ്ഥരും പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ (ഡി.ആർ.ഡി.ഇ) ശാസ്ത്രജ്ഞരും ചേർന്ന് ഒരാഴ്ചയായി നടത്തിയ ഒാപറേഷനിലാണ് ഇന്ദോറിലെ സ്വകാര്യ ലബോറട്ടറിയിൽനിന്ന് ഒമ്പത് കിലോ ഫെൻറലിൻ പിടികൂടിയത്. ലോകാവസാന മയക്കുമരുന്ന് എന്ന് വിശേഷിപ്പിക്കാവുന്ന അപകടകാരിയായ ഇൗ രാസവസ്തുവിെൻറ ഇത്രയും അളവുകൊണ്ട് 50 ലക്ഷത്തോളം പേരെ കൊല്ലാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
പ്രാദേശിക വ്യാപാരിയും പിഎച്ച്.ഡി ബിരുദധാരിയായ കെമിസ്റ്റും ഒപ്പം ഒരു മെക്സിക്കൻ പൗരനും പിടിയിലായിട്ടുണ്ട്. ഇതിൽ കെമിസ്റ്റിനെ ‘അമേരിക്കയെ വെറുക്കുന്ന’ ആളാണെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്നു വിപണിയിൽ ഇതിന് 110 കോടി രൂപ വിലമതിക്കും.
വിദഗ്ധ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞർക്ക് അത്യാധുനിക ലബോറട്ടറിയിൽ വെച്ചു മാത്രം വികസിപ്പിക്കാൻ സാധിക്കുന്ന ഫെൻറലിൻ ഇത്തരമൊരു സംവിധാനത്തിൽ നിർമിച്ചത് വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്.
ഫെൻറലിൻ മറ്റു മരുന്നുകളുടെ കൂടെ അതി നിയന്ത്രണത്തോടെ ചേർത്ത് അനസ്ത്യേഷ്യ മരുന്നായും വേദനസംഹാരിയായും ഉപയോഗിക്കാറുണ്ട്. ഒപ്പം, അമേരിക്കയിലും മറ്റും ‘ചൈനാ ടൗൺ’, ‘ൈചന ഗേൾ’, ‘അപ്പാച്ചെ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിലയേറിയ മയക്കുമരുന്നു കൂടിയാണിത്. അമിത അളവിൽ ഫെൻറലിൻ ഉപയോഗിച്ച് യു.എസിൽ 2016ൽ മാത്രം 20,000 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അതിവേഗം ശരീരത്തിൽ വ്യാപിക്കുന്ന ഫെൻറലിൻ തൊലിയിലൂടെയും ശ്വസനത്തിലൂടെയും അകത്തെത്താം. ഒരാളുടെ ജീവനെടുക്കാൻ രണ്ടു മില്ലി ഗ്രാം മതിയാകും.
‘‘രാജ്യത്തെ ഏതെങ്കിലും ഒരു അന്വേഷണ ഏജൻസി നടത്തുന്ന കാര്യമായ ആദ്യ ഫെൻറലിൻ വേട്ടയാണിത്. ഹെറോയിനെക്കാൾ 50 ഇരട്ടി ശക്തിയേറിയ ഇത് ശ്വസിക്കുന്നതുപോലും മരണ കാരണമാകാം.
ഇത്രയും മാരകമായ രാസവസ്തു ഉൽപാദിപ്പിക്കാനുള്ള ആദ്യ ശ്രമം തന്നെ പിടികൂടാൻ കഴിഞ്ഞത് ഡി.ആർ.െഎയുടെ നേട്ടങ്ങളിൽ നാഴികക്കല്ലാണ്’’ - ഡയറക്ടർ ജനറൽ ഡി.പി. ദാഷ് പറഞ്ഞു.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) കീഴിലുള്ള ഡി.ആർ.ഡി.ഇയിൽ ജൈവ-രാസ ആയുധങ്ങളുടെ ഭീഷണി ചെറുക്കുന്നതിനുള്ള ഗവേഷണത്തിലേർപ്പെട്ട ശാസ്ത്രജ്ഞർ, പിടികൂടിയ ഫെൻറലിെൻറ ആധികാരികത ഉറപ്പാക്കിയിട്ടുണ്ട്.
ഫെൻറലിൻ ഉൾപ്പെടെ അമേരിക്കയിലേക്ക് കടത്തുന്ന മെക്സിക്കൻ മയക്കുമരുന്നു മാഫിയ ഇൗയിടെയായി ഇന്ത്യ കേന്ദ്രമാക്കി പല മയക്കുമരുന്നുകളും നിർമിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു.
നിർമാണ കേന്ദ്രമായിരുന്ന ചൈനയിൽ അധികൃതർ നടപടി കർശനമാക്കിയതോടെയാണ് മാഫിയകൾ ഇന്ത്യയെ ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.