‘അബദ്ധത്തിൽ സംഭവിച്ച പിഴവ്’; തമിഴ് തായ്‍വാഴ്ത്ത് വിവാദത്തിൽ മാപ്പുപറഞ്ഞ് ദൂരദർശൻ
text_fieldsചെന്നൈ: ഹിന്ദി മാസാചരണ പരിപാടിയിൽ സംസ്ഥാന ഗാനമായ തമിഴ് തായ്‍വാഴ്ത്തിൽ ഒരു വരി ഒഴിവായ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെന്നൈ ദൂരദർശൻ കേന്ദ്ര. ശ്രദ്ധക്കുറവ് കാരണം അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വിമർശനം നേരിടേണ്ടി വന്നതിന് മാപ്പ് ചോദിക്കുന്നതായും ദൂരദർശൻ വിശദീകരണക്കുറിപ്പിൽ പറയുന്നു.
തമിഴ്നാട് ദൂരദർശന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ചെന്നൈയിൽ പരിപാടി സംഘടിപ്പിച്ചത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും തമിഴ്നാട് ഗവർണർ ആർ.എൻ. രവി മുഖ്യാതിഥിയായ പരിപാടിയുമായി അധികൃതർ മുന്നോട്ടുപോകുകയായിരുന്നു. തമിഴ് തായ്‍വാഴ്ത്ത് ദ്രാവിഡ നാട് എന്ന വരി ഇല്ലാതെയാണ് ആലപിച്ചത്. ഇതോടെ ദ്രാവിഡ മോഡൽ എന്ന പ്രയോഗം ഇഷ്ടമല്ലാത്ത ഗവർണറുടെ സൗകര്യത്തിനായി ഈ വരി മനഃപൂർവം ഒഴിവാക്കിയതാണെന്ന വിമർശനവുമായി ഡി.എം.കെ മുന്നോട്ടുവരികയായിരുന്നു.
തമിഴ്നാടിനെ അപമാനിക്കാൻ ഗവർണരുടെ ആളുകൾ കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്ന് ഡി.എം.കെ ആരോപിച്ചു. തമിഴ്നാടിനെയും തമിഴ് ഭാഷയെയും അപമാനിക്കുന്ന ഒരാൾ ഗവർണർ പദവിക്ക് യോഗ്യനല്ലെന്നും ആർ.എൻ. രവിയെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ അവശ്യപ്പെട്ടു. ദേശീയ ഗാനത്തിൽ ‘ദ്രാവിഡ’ എന്നൊരു വാക്കുണ്ട്. ദ്രാവിഡരോടും ദ്രാവിഡ ഭാഷയോടും അലർജിയുള്ള രവിക്ക് ദേശീയ ഗാനത്തിൽനിന്ന് ഈ വാക്ക് മാറ്റാൻ ധൈര്യമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പരിപാടിയിൽ ഗവർണർ ആർ.എൻ. രവി തമിഴ് ഭാഷാവാദത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തമിഴ്നാടിനെ ഇന്ത്യയിൽനിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും തമിഴ് ഭാഷയെ മുൻനിർത്തിയുള്ള മുതലെടുപ്പിന് അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. തമിഴ്നാടിന്റെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് മാറ്റി നിർത്താൻ അവർ തുടർച്ചയായി ശ്രമിക്കുകയാണ്. ഹിന്ദിയെ മനഃപൂർവം ഒഴിവാക്കുന്നു. കന്നഡ ദിവസവും മലയാളം ദിവസവുമെല്ലാം ആഘോഷിക്കുന്നു. എന്നാൽ ഹിന്ദി ദിവസ് വരുമ്പോൾ പ്രതിഷേധിക്കുന്നു. വിഘടനവാദികളുടെ അജണ്ടയാണ് ഇത്. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിൽ വിദ്യാഭ്യാസം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി. ഒടുവിൽ അത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിക്കേണ്ടി വന്നെന്നും ഗവണർ പറഞ്ഞു.
ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ അടുപ്പമുണ്ടെന്ന രീതിയിൽ അഭ്യൂഹമുയരുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ വിവാദം ഉയരുന്നത്. ദൂരദർശൻ കേന്ദ്രയിലെ പരിപാടി റദ്ദാക്കണമെന്ന്, പരിപാടിക്ക് ഒരു മണിക്കൂർ മുമ്പാണ് സ്റ്റാലിന്റെ ഓഫിസിൽനിന്ന് അറിയിപ്പ് വന്നത്. എന്നാൽ ഇതു തള്ളിയാണ് പരിപാടി നടത്തിയത്. വരുംദിവസങ്ങളിൽ വിവാദം വീണ്ടും ചർച്ചയാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.