മാവോയിസ്റ്റ് ആക്രമണം: ദൂരദർശൻ കാമറമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ ദൂരദർശൻ ന്യൂസ് കാമറമാനും രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ നിലവയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 10നായിരുന്നു സംഭവം. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.
ഡൽഹിയിലെ ദൂരദർശൻ ന്യൂസ് കാമറമാൻ അച്യുതാനന്ദ് സാഹു, സബ് ഇൻസ്പെക്ടർ രുദ്രപ്രതാപ്, അസിസ്റ്റൻറ് കോൺസ്റ്റബിൾ മംഗളു എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് തിരിച്ചുവെടിവെച്ചപ്പോൾ രണ്ടു മാവോവാദികളും കൊല്ലപ്പെട്ടു. അടുത്തമാസം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനാണ് ദൂരദർശൻ സംഘം എത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരു പത്രപ്രവർത്തകനും രണ്ട് ദൂരദർശൻ ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രണ്ടു ഘട്ടങ്ങളായി നവംബർ 12നും 20നുമാണ് ഛത്തിസ്ഗഢിൽ വോെട്ടടുപ്പ്. മാവോവാദികൾ ഡൽഹിയിൽ നിന്നെത്തിയ ദൂരദർശൻ സംഘത്തിനും പൊലീസുകാർക്കും നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദന്തേവാഡ ജില്ല പൊലീസ് മേധാവി അഭിഷേക് പല്ലവ പറഞ്ഞു. കൊല്ലപ്പെട്ട കാമറമാൻ ഒഡിഷ സ്വദേശിയാണ്. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്.
ഒരാഴ്ചക്കിടെ ബസ്തർ മേഖലയിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബർ 27ന് ബിജാപുറിലുണ്ടായ സ്ഫോടനത്തിൽ നാലു സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.