ദൂരദർശൻ പുതിയ ലോഗോ തേടുന്നു
text_fieldsന്യൂഡൽഹി: ദൂരദർശൻ തുടക്കകാലം മുതൽ നെറ്റിയിൽ ചാർത്തിയ, തലമുറകളുടെ ഗൃഹാതുരസ്മരണകളിലൊന്നായ അടയാള ചിഹ്നം ഉപേക്ഷിക്കുന്നു. മനുഷ്യമിഴിയുടെ രൂപത്തിലുള്ള ലോഗോ 1959ലാണ് ദൂരദർശൻ സ്വീകരിച്ചത്. പുതിയ തലമുറയുമായി സംവദിക്കാനാവുന്നില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് മാറ്റം. പുതിയ ലോേഗാ ക്ഷണിച്ച് പരസ്യം നൽകിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന ലോഗോ തയാറാക്കുന്ന വ്യക്തിക്ക് ലക്ഷം രൂപയും പ്രതിഫലവും പ്രഖ്യാപിച്ചു. ലോഗോ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13 ആണ്.
പഴയ തലമുറയിലുള്ളവർക്ക് ലോഗോ ഗൃഹാതുര ഒാർമയാണെങ്കിലും പുതിയ തലമുറയെ ആകർഷിക്കാൻ അത് പര്യാപ്തമല്ലെന്ന് ദൂരദർശൻ-ആകാശവാണി സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന പ്രസാർ ഭാരതി സി.ഇ.ഒ ശശി എസ്. തമ്പാട്ടി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഇൗ യുവാക്കളിൽ ബഹുഭൂരിപക്ഷവും ഉദാരീകരണാനന്തര കാലത്താണ് ജനിച്ചത്. സ്വകാര്യ ചാനലുകളുടെ വരവ് ഇക്കാലത്തായിരുന്നു.
സ്വകാര്യ ചാനലുകളോട് കിടപിടിക്കാനും പുതിയ തലമുറയെ ആകർഷിക്കാനും ഉപയുക്തമായ തരത്തിലാണ് ലോഗോ പരിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1959ൽ ദേബശിഷ് ഭട്ടാചാര്യയാണ് നിലവിലെ ലോഗോ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.