ബി.ജെ.പിയിൽ പോയവർക്കുമുന്നിൽ വാതിലുകൾ അടഞ്ഞുതന്നെ കിടക്കും; തിരിച്ചുവരാമെന്ന് ആരും മോഹിക്കേണ്ട -കോൺഗ്രസ്
text_fieldsദിബ്രൂഗഡ്: കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ നേതാക്കന്മാർ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുന്നതോടെ തിരിച്ചുവരാമെന്ന് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിയെന്ന് പാർട്ടി നേതാവ് പവൻ ഖേഡ. ബി.ജെ.പിയിലേക്ക് കാലുമാറിപ്പോയവർക്കുമുമ്പാകെ കോൺഗ്രസിന്റെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് നന്നായറിയുന്നതിനാൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും പവൻ ഖേഡ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ഭയന്നിരിക്കുകയാണ്. താൻ തോൽക്കുകയും ഇൻഡ്യ സഖ്യം ഭരണത്തിലേറുകയും ചെയ്താൽ അന്വേഷണം ഉണ്ടാകുമെന്നും തനിക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. മോദിക്ക് എല്ലാറ്റിനും മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാവും. ഞങ്ങളിൽനിന്ന് കൂറുമാറിപ്പോയി ബി.ജെ.പി മുഖ്യമന്ത്രിമാരായവർക്ക് ഇപ്പോഴേ മുട്ടിടിക്കുന്നുണ്ട്. അവർക്കുമുന്നിൽ ഞങ്ങളുടെ വാതിൽ അടഞ്ഞുതന്നെ കിടക്കും. ഞങ്ങൾ ജയിക്കുമ്പോൾ തിരിച്ചുവരണമെന്ന് മോഹിച്ചാലും അവരെ തിരികെ എടുക്കില്ല’ -ഖേഡ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പവൻ ഖേഡ ആരോപിച്ചു. തങ്ങൾക്കൊപ്പം ചേരാൻ അവർ ആളുകളെ ഭീഷണിപ്പെടുത്തുകയാണ്. വഴങ്ങാത്തവർക്കുപിന്നാലെ ഇ.ഡി, സി.ബി.ഐ തുടങ്ങിയവയെ വിടുന്നു. അല്ലെങ്കിൽ ജയിലിലടക്കുന്നു. ഹിമന്ത ബിശ്വ ശർമ മുതൽ പ്രഫുൽ പട്ടേലും സുവേന്ദു അധികാരിയും വരെ, ഭീഷണിക്ക് വഴങ്ങി ബി.ജെ.പിക്കൊപ്പം ചേർന്ന 25 ഉദാഹരണങ്ങളെങ്കിലും കാട്ടാനാകും’ -ഖേഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.