മോദി ഭരണത്തിൽ സ്വകാര്യ നിക്ഷേപത്തിന്റെയും ഉപഭോഗത്തിന്റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ വൻ ‘ഡിമാൻഡ് പ്രതിസന്ധി’ നേരിടുന്നതായി കോൺഗ്രസ്. മോദി ഭരണത്തിന്റെ പത്ത് വർഷത്തിൽ സ്വകാര്യ നിക്ഷേപത്തിന്റെയും ബഹുജന ഉപഭോഗത്തിന്റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റിയതായും വിവിധ ഡേറ്റ നിരത്തി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ മരണാസന്നമായ ഉപഭോഗകഥയുടെ ദുരന്തം കൂടുതൽ വ്യക്തമാകും. കഴിഞ്ഞയാഴ്‌ച ‘ഇന്ത്യ ഇങ്ക്‌സി’ൽ നിന്നുള്ള നിരവധി സി.ഇ.ഒമാർ ‘ചുരുങ്ങിക്കൊണ്ടിരിക്കുന്ന’ മധ്യവർഗത്തെക്കുറിച്ച് മുന്നറിപ്പ് നൽകി. ‘നബാർഡി’ന്‍റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതിന്റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.
ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കുടുംബ വരുമാനം കാർഷിക കുടുംബങ്ങൾക്ക് 12,698 മുതൽ 13,661 രൂപവരെയും കാർഷികേതര കുടുംബങ്ങളിൽ 11,438 രൂപയുമാണ്. ശരാശരി കുടുംബത്തിന്റെ വലിപ്പം 4.4 ആണെന്ന് കണക്കാക്കിയാൽ, ഗ്രാമപ്രദേശങ്ങളിലെ പ്രതിശീർഷ വരുമാനം പ്രതിമാസം 2,886 രൂപയാണ്. അഥവാ ഒരു ദിവസം 100 രൂപയിൽ താഴെ. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാർക്കും അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ഉപഭോഗത്തിന് വളരെ കുറച്ച് പണമേ ഉള്ളൂവെന്നും രമേശ് പറഞ്ഞു. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഇതേ വിനാശകരമായ നിഗമനത്തിലേക്കാണ്. വരുമാനം ഇടിഞ്ഞ ശരാശരി ഇന്ത്യക്കാരന് 10 വർഷം മുമ്പ് വാങ്ങാൻ കഴിയുന്നതിനേക്കാൾ കുറച്ചേ ഇന്ന് വാങ്ങാൻ കഴിയുന്നുള്ളൂ. ഇതാണ് ഇന്ത്യയുടെ ഉപഭോഗം കുറയാനുള്ള ആത്യന്തിക കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൊഴിലാളികളുടെ യഥാർഥ വേതനം 2014 നും 2023 നും ഇടയിൽ കുറഞ്ഞുവെന്ന് ലേബർ ബ്യൂറോയുടെ വേതന നിരക്ക് സൂചിക ഡേറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, മൻമോഹൻ സിങ് സർക്കാറിന്റെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും 6.8 ശതമാനമായി വർധിച്ചുവെന്ന് കാർഷിക മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മിസ്റ്റർ മോദിയുടെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും മൈനസ് 1.3 ശതമാനം ഇടിഞ്ഞു’.
2014 നും 2022 നും ഇടയിൽ ഇഷ്ടിക ചൂളയിലെ തൊഴിലാളികളുടെ യഥാർത്ഥ വേതനം മുരടിക്കുകയോ കുറയുകയോ ചെയ്തുവെന്ന് അവകാശപ്പെടാൻ സെന്‍റർ ഫോർ ലേബർ റിസർച്ച് ആൻഡ് ആക്ഷൻ ഡേറ്റയും അദ്ദേഹം ഉദ്ധരിച്ചു. ഇഷ്ടികച്ചൂളകളിൽ കഠിനാധ്വാനം ഉൾപ്പെടുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രർക്കുള്ള അവസാന ആശ്രയമാണ് കുറഞ്ഞ വേതനം നൽകുന്ന ഈ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോഗത്തിലെ ഈ മാന്ദ്യം നമ്മുടെ ഇടക്കാല-ദീർഘകാല സാമ്പത്തിക സാധ്യതകളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പുനൽകാൻ ഉപഭോഗത്തിൽ മതിയായ വളർച്ചയില്ലെങ്കിൽ പുതിയ ഉൽപാദനത്തിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലെ സ്വകാര്യമേഖല തയ്യാറാകില്ല. സർക്കാരിന്റെ 2024 സ്വന്തം സാമ്പത്തിക സർവേ പറയുന്നതനുസരിച്ച്, മെഷിനറികളിലും ഉപകരണങ്ങളിലും ബൗദ്ധിക സ്വത്തവകാശ ഉൽപ്പന്നങ്ങളിലും സ്വകാര്യമേഖലയിലെ മൊത്തം സ്ഥിര മൂലധനം 2023 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തിനുള്ളിൽ 35 ശതമാനം മാത്രമാണ് വളർന്നത്. സ്വകാര്യമേഖലയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കിടയിൽ 21 ശതമാനം ഇടിഞ്ഞതോടെ ഇത് കൂടുതൽ വഷളാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ദശാബ്ദക്കാലത്തെ സുസ്ഥിര ജി.ഡി.പി വളർച്ചയുടെ ‘ഡബിൾ എഞ്ചിൻ’ ജൈവേതര പ്രധാനമന്ത്രി കഴിഞ്ഞ പത്ത് വർഷങ്ങളിൽ പാളം തെറ്റിച്ചു. അശ്രദ്ധമായ നയരൂപീകരണം, മണ്ടത്തരമായ നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, ആസൂത്രണം ചെയ്യാത്ത കോവിഡ് ലോക്ക്ഡൗൺ എന്നിവയിലൂടെയൊണതെന്നും ജയറാം രമേശ് ആഞ്ഞടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.