ബംഗളൂരുവിൽ ഇരട്ടക്കൊല: കൊലയാളി പൊലീസിൽ കീഴടങ്ങി
text_fieldsബംഗളൂരു: സെൻട്രൽ ബംഗളൂരുവിലെ കുംബർപേട്ടയിൽ മുതിർന്ന വ്യാപാരിയും സുഹൃത്തും കടയിൽ വെട്ടേറ്റു മരിച്ചു. കെ. സുരേഷ്(62), എം. മഹീന്ദ്ര (60) എന്നിവരാണ് ബുധനാഴ്ച രാത്രി 8.15ന് കൊല്ലപ്പെട്ടത്. കൃത്യം ചെയ്തയാൾ വിവരം ഉടൻ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.
പൊലീസ് എത്തി മഡിവാള സ്വദേശി ബദ്രിപ്രസാദിനെ (56) അറസ്റ്റ് ചെയ്തു. നഗരത്തിൽ തിരക്കൊഴിയാത്ത നേരത്ത് നടന്ന അക്രമം വ്യാപാരികളെയും നാട്ടുകാരെയും ഞെട്ടിച്ചു. സംഭവം ഹലസുരു പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: അടുക്കള സാധന വ്യാപാരിയാണ് സുരേഷ്.
കറങ്ങുന്ന കസേരയിൽ മേശക്ക് അഭിമുഖമായി ഇരിക്കുകയായിരുന്നു. കടയിലേക്ക് ഇരച്ചുകയറിയ അക്രമി, ഞെക്കുമ്പോൾ പുറത്തുവരുന്ന ഇനം കത്തി ഉപയോഗിച്ച് സുരേഷിന്റെ കഴുത്തറുത്തു. എഴുന്നേൽക്കാൻ പോലും കഴിയാതെ അദ്ദേഹം പിടഞ്ഞുവീണ് മരിച്ചു. അലർച്ച കേട്ട് കടയുടെ പുറത്തുനിന്ന് അകത്തേക്കോടിക്കയറിയ മഹീന്ദ്രയുടെ കഴുത്തിനും വെട്ടി. പ്രാണനുംകൊണ്ടോടിയെങ്കിലും പിന്തുടർന്ന അക്രമി തുരുതുരാ വെട്ടി.
പാതയോരത്ത് നിർത്തിയിട്ട കൈവണ്ടിയിൽ വീണ മഹീന്ദ്രയും മരിച്ചു. കൊല്ലപ്പെട്ട സുരേഷ് വ്യാപാരംനടത്തുന്ന അഞ്ചുനില കെട്ടിടത്തിന്റെ അവകാശം സംബന്ധിച്ച് ബന്ധുവായ കൊലയാളിയും തമ്മിൽ ദീർഘകാലമായി തർക്കം നിലവിലുണ്ട്. സാമൂഹികപ്രവർത്തകനായ സുരേഷ് കുംബാര സംഘ പ്രസിഡന്റാണെന്ന് നാട്ടുകാരനായ എൻ. മനോഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.