ഭാരത് ജോഡോ ന്യായ് യാത്ര എത്തിയ ശേഷമാണ് അറിഞ്ഞത്; വരുമെന്ന വിവരമെങ്കിലും പറയാമായിരുന്നു -കോൺഗ്രസിനോട് മമത ബാനർജി
text_fieldsകൊൽക്കത്ത: തങ്ങളിപ്പോഴും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെത്തിയത് ഉദ്യോഗസ്ഥരിൽ നിന്നാണ് അറിഞ്ഞതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്ര അഹങ്കാരം പാടില്ലെന്നും കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ യു.പിയിലും ബനാറസിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്നും മമത വെല്ലുവിളിച്ചു.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് തയാറായിരുന്നുവെന്നും എന്നാൽ അവർ അത് തള്ളുകയായിരുന്നുവെന്നും മമത അവകാശപ്പെട്ടു. ''അവരുമായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ തയാറായിരുന്നു. രണ്ടും സീറ്റും വാഗ്ദാനം ചെയ്തു. അവരത് തള്ളിക്കളഞ്ഞു. ഇപ്പോൾ 42സീറ്റുകളിൽ അവർ തനിച്ചുമത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു ശേഷം ഞങ്ങളുമായി ഒരു ചർച്ചയും നടന്നിട്ടില്ല. ബംഗാളിൽ ഞങ്ങളൊറ്റക്ക് ബി.ജെ.പിയെ തോൽപിക്കും.''-മമത പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിലെങ്കിലും വിജയിക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് മമത കോൺഗ്രസിനെ പരിഹസിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മമതയുടെ പരിഹാസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ പശ്ചിമ ബംഗാളിലാണുള്ളത്. ബംഗാളിലെ ആറ് ജില്ലകളിലാണ് രാഹുൽ പര്യടനം നടത്തിയത്. ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ലക്ഷ്യമുട്ടുള്ള ദേശാടനപക്ഷികളുടെ ഒരു ഫോട്ടോ പരിപാടി മാത്രമാണ് ജോഡോ ന്യായ് യാത്രയെന്നും മമത വിമർശിച്ചു.
''ബി.ജെ.പിക്കെതിരെ 300 സീറ്റുകളിലും കോൺഗ്രസ് മത്സരിക്കണമെന്നാണ് എന്റെ നിർദേശം. എന്നാൽ അതിനവർ തയാറല്ല. ഇപ്പോൾ അവർ മുസ്‍ലിം വോട്ടുകൾഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട് ബംഗാളിൽ എത്തിയിരിക്കുന്നു. 300 ൽഅവർക്ക് ചുരുങ്ങിയത് 40 സീറ്റ് എങ്കിലും കിട്ടുമോ എന്നാണ് എന്റെ സംശയം.''-എന്നാണ് കൊൽക്കത്തയിൽ നടന്ന ധർണയിൽ സംസാരിക്കവെ മമത പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.