‘ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിലെങ്കിലും ജയിക്കുമോയെന്ന് സംശയം’; പരിഹാസവുമായി മമത
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിലെങ്കിലും ജയിക്കുമോയെന്ന് സംശയമാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ പര്യടനം നടത്തുന്നതിനിടെയാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുർഷിദാബാദിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘കോൺഗ്രസിന് 300ൽ 40 സീറ്റ് കിട്ടുമോയെന്ന് എനിക്കറിയില്ല. എന്തിനാണ് ഇത്ര ധാർഷ്ട്യം? നിങ്ങൾ ബംഗാളിലേക്ക് വരുന്നത് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിട്ടും എന്നെ അറിയിക്കുക പോലും ചെയ്തില്ല. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ വരാണസിയിൽ പോയി ബി.ജെ.പിയെ തോൽപ്പിക്കുക. നിങ്ങൾ മുമ്പ് വിജയിച്ച സ്ഥലങ്ങളിൽ നിങ്ങൾ തോൽക്കുകയാണ്. ഉത്തർപ്രദേശിൽ ഞങ്ങൾക്ക് ഒന്നുമില്ല. രാജസ്ഥാനിൽ നിങ്ങൾ ജയിച്ചിട്ടില്ല. പോയി ആ സീറ്റുകളിൽ വിജയിക്കൂ. അലഹബാദിൽ പോയി ജയിക്കൂ, വരാണസിയിൽ ജയിക്കൂ. നിങ്ങൾ എത്രമാത്രം ധൈര്യശാലികളുടെ പാർട്ടിയാണെന്ന് നോക്കാം’ -മമത പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ബീഡി തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചതിനെയും മമത പരിഹസിച്ചു. ഇപ്പോൾ പുതിയ തരം ഫോട്ടോ ഷൂട്ട് രീതി വന്നിട്ടുണ്ടെന്നും ഒരിക്കൽ പോലും ചായക്കടയിൽ പോയിട്ടില്ലാത്തവർ ഇപ്പോൾ ബീഡി തൊഴിലാളികൾക്കൊപ്പം ഇരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി ഒറ്റക്ക് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെതിരായ പുതിയ ആക്രമണം. സംസ്ഥാന നിയമസഭയിൽ ഒരംഗം പോലുമില്ലാത്ത കോൺഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ, അത് നിരസിച്ച് അവർ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാൽ ബി.ജെ.പി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോൺഗ്രസിന് വിട്ടുനൽകില്ലെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് സി.പി.എമ്മുമായി കൂട്ടുകൂടുകയാണെന്നും അവർ ആരോപിച്ചു. ‘സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും വിട്ട് നൽകില്ലെന്ന് പറഞ്ഞിട്ടുണ്ട്. സി.പി.എം ഞങ്ങളുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ഞാൻ മറന്നിട്ടില്ല. സി.പി.എമ്മിനോട് ഞാൻ ക്ഷമിക്കില്ല. അവരെ പിന്തുണക്കുന്നവരോടും’ -എന്നിങ്ങനെയായിരുന്നു മമതയുടെ പരാമർശം.
മമതയുടെ കോൺഗ്രസിനെതിരായ വിമർശനം തുടരുന്നതിനിടെ, അവരുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും മമത ഇൻഡ്യ സഖ്യത്തിനൊപ്പമാണെന്നും രാഹുൽ ഇന്ന് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.