സിബൽ 'സംശയാലു തോമസ്' എന്ന് സൽമാൻ ഖുർശിദ്
text_fieldsന്യൂഡൽഹി: ബിഹാറിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ തോൽവിയെ തുടർന്ന് പാർട്ടി നേതാക്കൾക്കിടയിൽ വിഴുപ്പലക്കൽ തുടരുന്നു.
പാർട്ടിയിൽ പറയാൻ വേദികളില്ലെന്ന വിശദീകരണത്തോടെ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നേതൃത്വത്തെ കുറ്റപ്പെടുത്തിയ മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ മുൻമന്ത്രി സൽമാൻ ഖുർശിദ് പുതുതായി രംഗത്ത്.
പാർട്ടിയെക്കുറിച്ച ഉത്കണ്ഠ 'സംശയാലു തോമസുമാരു'ടെ അതിരില്ലാ സംശയങ്ങളാണെന്ന് ഫേസ്ബുക്കിൽ സൽമാൻ ഖുർശിദ് കുറ്റപ്പെടുത്തി. പാർട്ടി നേട്ടമുണ്ടാക്കുേമ്പാൾ വെറുതെ വന്നു ചേർന്നതാണെന്ന് പറയും. തോൽക്കുേമ്പാൾ കുറ്റപ്പെടുത്തും.
കൈയിലുള്ള ഉപകരണങ്ങളോട് വഴക്കടിക്കുന്ന തൊഴിലാളിയെപ്പോലെയാണ് ഈ വിമർശകർ -സൽമാൻ പറഞ്ഞു.
നാം ഉയർത്തിപ്പിടിക്കുന്ന ഉദാര മൂല്യങ്ങളോട് വോട്ടർ പുറംതിരിഞ്ഞു നിൽക്കുന്ന ചുറ്റുപാടാണ്. ദീർഘകാല പോരാട്ടത്തിനാണ് തയാറാകേണ്ടത്. അധികാരം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല. അധികാരത്തിൽനിന്ന് പുറത്താകുന്നതിനെ നിസ്സംഗതയോടെ കാണാനാവില്ല. എന്നാൽ, അങ്ങനെ പുറത്താകുന്നത് തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിെൻറ ഫലമാണെങ്കിൽ, അതിനെ മാന്യമായി അംഗീകരിക്കണം. അധികാരം തിരിച്ചു പിടിക്കാൻ ഒളിഞ്ഞോ തെളിഞ്ഞോ നമ്മുടെ മൂല്യങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതിലും ഭേദം ഈ പണി വേണ്ടെന്നു വെക്കുകയാണ്.
തന്ത്രവും സമീപനവുമൊക്കെ കാലാകാലങ്ങളിൽ അവലോകനം ചെയ്യണം; മാറ്റിയെഴുതണം. എന്നാൽ, അതു മാധ്യമങ്ങളിലൂടെ നിർവഹിക്കാനാവില്ല. അങ്ങനെ ചെയ്യുേമ്പാൾ എതിരാളികൾക്ക് കൃത്യമായി അതിനെ പ്രതിരോധിക്കാൻ കഴിയും. ആത്മപരിശോധനയും കൂട്ടായ നേതൃത്വവും വേണമെന്നാണ് സംശയാലുക്കളുടെ ഒറ്റമൂലി. പെരുപ്പിച്ചു കാണുന്ന ഒന്നാണതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
കപിൽ സിബലിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഇക്കാര്യത്തിൽ നേതൃതലത്തിൽനിന്ന് പ്രതികരണമൊന്നുമില്ല. ബിഹാർ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ യോഗം നിശ്ചയിച്ചിട്ടില്ല.
കപിൽ സിബൽ അടക്കം 23 വിമതർ ചേർന്ന് നേരത്തേ നേതൃത്വത്തിന് കത്തയച്ചതിനെ തുടർന്ന് വിളിച്ച പ്രവർത്തക സമിതി യോഗം, സോണിയ ഗാന്ധിയെ സഹായിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു.
ഈ സമിതി ചൊവ്വാഴ്ച ഓൺലൈൻ യോഗം നടത്തിയെങ്കിലും ബിഹാറോ, പുതിയ വിമർശനങ്ങളോ ചർച്ചയായില്ലെന്നാണ് സൂചന.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇല്ലാത്ത യോഗം, സാങ്കേതിക നടപടികളിൽ മാത്രമാണ് കേന്ദ്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.