കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് എസ്. ഹരീഷെന്ന 28 കാരനെതിരെയുള്ള കേസാണ് ജനുവരി 11ന് മദ്രാസ് ഹൈകോടതി റദ്ദാക്കിയത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്, ഡൽഹിയിലെ ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്നീ സർക്കാറിതര സംഘടനകളാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈകോടതി വിധി നിയമവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
ഹരജിക്കാരന് അശ്ലീല ചിത്രങ്ങൾ കാണാനുള്ള ആസക്തിയുണ്ടെങ്കിൽ കൗൺസലിങ് നടത്തണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. 2012ലെ പോക്സോ ആക്ട്, 2000ത്തിലെ ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള ക്രിമിനൽ കേസായിരുന്നു റദ്ദാക്കിയത്. അശ്ലീല ചിത്രങ്ങൾ കാണുന്നത് 2000ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 ബി പ്രകാരം കുറ്റകരമല്ലെന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. ആൺകുട്ടികൾ ഉൾപ്പെട്ട രണ്ട് വിഡിയോകൾ ഡൗൺലോഡ് ചെയ്തത് പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്നു. അവ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹരജിക്കാരന്റെ സ്വകാര്യമാണെന്നും ഹൈകോടതി പറഞ്ഞിരുന്നു. എന്നാൽ, ഈ നിരീക്ഷണത്തിൽ ഹൈകോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ ഫോണിൽ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.