ഒറ്റ നോട്ടീസിലൂടെ കർഷകനെ ആത്മഹത്യ ചെയ്യിക്കുന്ന ബാങ്കുകളുള്ള നാട്ടിലാണ് ഈ കാഴ്ച-ശതകോടികൾ വെട്ടിച്ച മെഹുൽ ചോക്സിയുടെ വീട്ടുപടിക്കലെ നോട്ടീസ് കൂമ്പാരം
text_fieldsമുംബൈ: ഒരുവശത്ത് ശതകോടികൾ വെട്ടിച്ച് രാജ്യം വിടുന്ന പ്രമുഖരും മറുവശത്ത് ചെറിയ വായ്പ പോലും തിരിച്ചടക്കാനാകാതെ ജീവനൊടുക്കേണ്ടി വരുന്ന കർഷകരുമുള്ള രാജ്യത്ത്, സ്വാധീനമുള്ളവർ എങ്ങിനെയെല്ലാം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ധൈര്യം കാണിക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ മുംബൈയിലെ വസതിയുടെ വാതിലിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസുകളുടെ ചിത്രമാണിത്. 2019 മുതൽ ബാങ്കുകളും കോടതികളും എൻഫോഴ്സ്മെന്റ് ഏജൻസികളും ചോക്സിയുടെ പേരിൽ അയച്ചിരിക്കുന്ന നോട്ടീസുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവിടം. ചോക്സിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുടെ മൊത്തം വിശദാംശങ്ങൾ ഈ നോട്ടീസുകളിലുടെ കണ്ണോടിച്ചാൽ കിട്ടും.
അതേസമയം, കഴിഞ്ഞ ദിവസം കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന് പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്ത മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് മടക്കിെക്കാണ്ടുവരാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ. അനന്തരവൻ നീരവ് മോദിക്കൊപ്പം വ്യാജരേഖകൾ കാട്ടി പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. ലണ്ടനിൽ ജയിലിലാണ് നീരവ് മോദി. ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് നീരവ് നൽകിയ കേസ് കോടതി പരിഗണനയിലാണ്.
2018 ജനുവരി ആദ്യവാരം ഇന്ത്യ വിടുന്നതിന് മുമ്പായി 2017ൽ ചോക്സി ആൻറിഗ്വ പൗരത്വമെടുത്തിരുന്നു. നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇത്. എന്നാൽ, പൗരത്വം സംബന്ധിച്ചും ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ടും രണ്ട് കേസുകൾ നിലനിൽക്കെ ആന്‍റിഗ്വയിൽ നിന്നും ചോക്സി 'മുങ്ങി'. തുടർന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കയിൽ നിന്ന് പിടിയിലായത്.
ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കുവേണ്ടി ഇന്‍റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഡൊമിനിക്കയിൽ നിന്ന് തിരികെ എത്തിക്കുന്ന ചോക്സിയെ ഇന്ത്യക്ക് കൈമാറുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. 'ചോക്സിക്ക് ഞങ്ങൾ അഭയം നൽകില്ല. ദ്വീപിൽ നിന്ന് കടന്നത് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്. ചോക്സിയെ തിരികെ ആന്‍റിഗ്വയിലേക്ക് അയക്കേണ്ട എന്ന് ഡൊമിനിക്ക സർക്കാറിനെ അറിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച കേസുകൾ നേരിടാൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കുകയാണ് വേണ്ടത്' -ഗാസ്റ്റൺ ബ്രൗണിനെ ഉദ്ദരിച്ച് ആന്‍റിഗ്വ ന്യൂസ് റൂം റിപ്പോർട്ട് ചെയ്തു.
അതിനിടെ, ചോക്സി ഇന്ത്യൻ പൗരൻ അല്ലെന്നും അദ്ദേഹത്തെ ആന്‍റിഗ്വയിലേക്ക് മടക്കി അയക്കുകയാണ് ഡൊമിനിക്ക ചെയ്യേണ്ടതെന്നും അഭിഭാഷകൻ വിജയ് അഗർവാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
തെൻറ കമ്പനിയായ ഗീതാഞ്ജലി ജെംസിന്‍റെ പേരിലാണ് ചോക്സി ശതകോടികളുടെ വായ്പയെടുത്ത് മുങ്ങിയത്. ചില ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചായിരുന്നു വലിയ തുക വായ്പ തരപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗീതാഞ്ജലി ഗ്രൂപിെൻറ പേരിലുള്ള 14.45 കോടിയുടെ ആസ്തി കണ്ടുകെട്ടാനും ഉത്തരവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.