ഡോ. ഹാനി ബാബുവിന് ബെൽജിയം യൂനിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്
text_fieldsഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് കേസിൽ ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസർ ഡോ. ഹാനി ബാബുവിന് ബെൽജിയത്തിലെ ഘെന്റ് സർവകലാശാലയുടെ ഹോണററി ഡോക്ടററേറ്റ്.
ഹാനി ബാബുവിന്റെ പേര് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്ത യൂനിവേഴ്‌സിറ്റിയിലെ ആർട്‌സ് ആൻഡ് ഫിലോസഫി വിഭാഗം, അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളും ഭാഷാപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിബദ്ധതയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ തുല്യതക്ക് വേണ്ടിയുള്ള ശ്രമങ്ങളും എടുത്തുപറഞ്ഞതായി ഭാര്യ ജെനി റൊവേന പറഞ്ഞു.
ഡോക്ടറേറ്റ് ബിരുദം സർവകലാശാലയുടെ വാർഷിക ദിനമായ മാർച്ച് 24ന് കൈമാറും. ജർമൻ ഭാഷ വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. ആനി ബ്രെയ്റ്റ്ബാർത്ത് ഹാനി ബാബുവിനായി ഇത് ഏറ്റുവാങ്ങും. ഹാനി ബാബുവിന് പുറമെ യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രിയ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ആറ് ഗവേഷകരും ഹോണററി ബിരുദം ഏറ്റുവാങ്ങും.
ഭീമ-കൊറേഗാവ് സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും മാവോവാദി ആശയത്തിന്റെ പ്രചാരകനാണെന്നുമാണ് എൻ.ഐ.എ ഹാനി ബാബുവിനെതിരെ ഉന്നയിച്ച ആരോപണം. തെലുഗു കവി വരവര റവു അടക്കം കേസിൽ പ്രതിചേർക്കപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.