കോടതി ജാമ്യംനൽകിയ കഫീൽഖാൻ വീണ്ടും കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കുഞ്ഞുങ്ങൾ കൂട്ടമായി മരിച്ച ആശുപത്രി സന്ദർശിച്ചതിന് അറസ്റ്റിലായ ഡോ. കഫീൽ ഖാന് കോടതി ജാമ്യം നൽകിയെങ്കിലും മറ്റൊരു കേസിൽ വീണ്ടും കസ്റ്റഡിയിലെടുത്തു. ജാമ്യം നൽകിയെന്നും ഞായറാഴ്ച രാവിലെ വീട്ടിലെത്തുമെന്നും എസ്.എസ്.പി സഭാരാജ് യാദവ് അറിയിച്ചശേഷമാണ് ജ്യേഷ്ഠൻ അദീൽ ഖാെൻറ പേരിൽ മൂന്നു മാസം മുമ്പ് എടുത്ത കേസിൽ കഫീൽ ഖാനെയും പ്രതിചേർത്തത്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഇരുവരും അജ്ഞാത കേന്ദ്രത്തിലാണെന്ന് കഫീലിെൻറ സഹോദരീഭർത്താവ് സമർ ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ഇരുവരെയും േഗാരഖ്പുർ ജയിലിലാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ബഹ്റൈച്ച് ആശുപത്രിയിൽ അനുമതിയില്ലാതെ കയറിയെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമം 151 പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കഫീൽ ഖാനെ ശനിയാഴ്ച ജാമ്യത്തിൽ വിെട്ടങ്കിലും അക്കാര്യം പൊലീസ് മറച്ചുവെച്ചു. തുടർന്ന് എസ്.എസ്.പി സഭാരാജ് യാദവുമായി ബന്ധപ്പെട്ടപ്പോൾ ഞായറാഴ്ച കഫീൽ ഗോരഖ്പുരിലെത്തുമെന്ന് അറിയിച്ചു. എന്നാൽ, കഫീലിനെ കൂട്ടാതെ എത്തിയ പൊലീസ് വീട് റെയ്ഡ് ചെയ്ത് സഹോദരൻ അദീലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാജരേഖയുപയോഗിച്ച് ബാങ്കിൽ അക്കൗണ്ട് തുറന്ന ഒരാളെ ബാങ്കിന് പരിചയപ്പെടുത്തിയത് അദീൽ ഖാൻ ആണെന്ന് പറഞ്ഞ് മൂന്നു മാസം മുമ്പ് ഉത്തർപ്രദേശ് പൊലീസ് എടുത്ത കേസിലാണ് നടപടി. സഹോദരൻ കാഷിഫിന് വെടിയേറ്റ സംഭവം സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പകരംവീട്ടാനാണ് കെട്ടിച്ചമച്ച് കേെസടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേസുമായി ബന്ധമില്ലാതിരുന്നിട്ടും കഫീൽ ഖാെൻറ ജാമ്യം തടയലായിരുന്നു ലക്ഷ്യം. ക്രിമിനൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. ഒരാഴ്ചക്കുള്ളിൽ 71 ശിശുമരണങ്ങൾ സംഭവിച്ച ബഹ്റൈച്ച് ജില്ല ആശുപത്രി സന്ദർശിച്ച് ഡോ. കഫീൽ ഖാൻ വാർത്തസമ്മേളനം നടത്താനിരിക്കെയാണ് ജില്ല ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തത്. ബഹ്റൈച്ചിൽ അജ്ഞാത രോഗമല്ല, മസ്തിഷ്ക ജ്വരം പിടിച്ചാണ് കുട്ടികൾ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.