ഏഴ് മാസത്തെ തടവുജീവിതത്തിന് അന്ത്യം; കഫീല്‍ ഖാൻ ജയിൽ മോചിതനായി
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് അന്യായ തടങ്കലിലാക്കിയ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാൻ ജയിൽ മോചിതനായി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈകോടതി രാവിലെ ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവിട്ടിട്ടും മഥുര ജയിലിൽനിന്ന് പുറത്തിറക്കുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി ഭാര്യ ഡോ. ഷബിസ്ത ഖാൻ ആരോപിച്ചിരുന്നു. ഉത്തരവ് പ്രകാരം വിട്ടയച്ചില്ലെങ്കിൽ ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം ജയിൽ മോചിതനായത്.
ഡോ. കഫീല്‍ ഖാനുമേല്‍ നിയമവിരുദ്ധമായി ചുമത്തിയ ദേശസുരക്ഷ നിയമം (എൻ.എസ്.എ) റദ്ദാക്കിയാണ് അലഹബാദ് ഹൈകോടതിയുടെ വിധി. കഫീൽ ഖാനെതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കാത്തതും കേസുകള്‍ അനാവശ്യവുമാണെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്‍.എസ്.എ ചുമത്തിയതുതന്നെ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ബെഞ്ച് രണ്ടാഴ്ച മുമ്പ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ കഫീലിെൻറ തടങ്കൽ മൂന്നു മാസം കൂടി ദീര്‍ഘിപ്പിച്ചതും എടുത്തുകളഞ്ഞു. തനിക്കെതിരെ ഉന്നയിച്ച കുറ്റാരോപണങ്ങളില്‍ സ്വന്തംഭാഗം പറയാന്‍ ഒരവസരം കഫീൽ ഖാന് കൊടുത്തില്ലെന്ന് ഹൈകോടതി കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗം വിദ്വേഷവും അക്രമവും വളര്‍ത്തുന്നതായിരുന്നില്ല. മറിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു.
ആ പ്രസംഗത്തിെൻറ പേരില്‍ കഫീലിനെതിരെ കുറ്റം ചുമത്തിയ ജില്ല മജിസ്ട്രേറ്റിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുക്തിബോധമുള്ള ഒരാളും ജില്ല മജിസ്ട്രേറ്റ് എത്തിച്ചേര്ന്നതുപോലുള്ള തീര്പ്പിലെത്തുകയില്ല. പ്രസംഗത്തിലെ പ്രത്യേക ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് അതിെൻറ യഥാര്‍ഥ ഉദ്ദേശ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വായിക്കുകയാണ് മജിസ്ട്രേറ്റ് ചെയ്തത്.
സര്‍ക്കാര്‍ നയങ്ങളെയാണ് പ്രസംഗകന് വിമര്‍ശിച്ചത്. അതുകൊണ്ട് തടവിലിടാനാവില്ല. അലീഗഢിലെ ശാന്തിക്കും സമാധാനത്തിനും ഇത് ഭംഗം വരുത്തിയിട്ടുമില്ല. മറിച്ച് രാജ്യത്തിെൻറ അഖണ്ഡതയും പൗരന്മാര്ക്കിടയിലുള്ള ഐക്യവും ഉറപ്പിക്കുന്നതാണ്.
ഫെബ്രുവരി 13ന് ജാമ്യം ലഭിച്ചശേഷമാണ് തടവിലിടാനുള്ള ഉത്തരവ് ഇറക്കിയത്. അതില്‍ പറയുന്നതാകട്ടെ രണ്ടു മാസം മുമ്പ് നടത്തിയ പ്രസംഗവും. കരുതല്‍ തടങ്കല്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്നത് തടയാനാവാം. എന്നാല്‍ രണ്ടു മാസം പഴക്കമുള്ള സംഭവത്തിനാകരുത്. കഫീലിെൻറ പ്രസംഗം കരുതല്‍തടങ്കല്‍ അനിവാര്യമാക്കുന്നു എന്നുസ്ഥാപിക്കാന്‍ ഹൈകോടതിക്കാവില്ല എന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു.
2019 ഡിസംബർ 13ന് അലീഗഢ് മുസ്ലിം സർവകലാശാലയിൽ സി.എ.എ വിരുദ്ധ സമരത്തിൽ ഡോ. കഫീൽ ഖാൻ നടത്തിയ പ്രസംഗത്തിെൻറ പേരിലായിരുന്നു ദേശസുരക്ഷ നിയമപ്രകാരം ഏഴുമാസം തടവിലിട്ടത്.
ഇതിനെതിരെ മാതാവ് നുസ്ഹത്ത് പർവീനാണ് ഹേബിയസ് കോർപസ് ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഇൗ ഹരജി തീർപ്പാക്കവെയാണ് കഫീൽഖാനുമേൽ ചുമത്തിയ എൻ.എസ്.എ കുറ്റം നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നും ഉത്തർപ്രദേശ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.