ഡോ. കഫീൽ ഖാെൻറ ജീവൻ അപകടത്തിൽ; ഇടപെടണം -ഡോ. ഹർജിത് സിങ്
text_fieldsന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ മഥുര ജയിലിലെ തിങ്ങിനിറഞ്ഞ ബാരക്കിൽ കഴിയുന്ന ഡോ. കഫീല്‍ ഖാെൻറ ജീവൻ അപകടത്തിലാണെന്ന് പ്രോഗ്രസീവ് മെഡികോസ് ആൻഡ് സയൻറിസ്റ്റ് ഫോറം (പി.എം.എസ്.എഫ്) ദേശീയ പ്രസിഡൻറ് ഡോ. ഹർജിത് സിങ് ഭട്ടി. പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി എന്നിവ സംബന്ധിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. സർക്കാർ നയങ്ങൾ ചോദ്യം ചെയ്യുന്നത് ഇത്ര പാതകമാണോ? -അദ്ദേഹം ചോദിച്ചു.
ഒരുവശത്ത് ഡോക്ടർമാരെ മുൻനിര പോരാളികളെന്ന് വിശേഷിപ്പിക്കുന്ന സർക്കാർ, മറുവശത്ത് ചോദ്യമുന്നയിച്ചതിെൻറ പേരിൽ ഡോക്ടറെ ജയിലിടക്കുന്നത് എന്ത് തരം നീതിയാണെന്നും ഡോ. ഹർജിത് സിങ് ഭട്ടി ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ ചോദിച്ചു. ഇദ്ദേഹത്തെ പോലെ മനസാക്ഷിയുള്ള ഡോക്ടർ ജയിലിലല്ല; സമൂഹത്തിനിടയിലാണ് കഴിയേണ്ടത്. ഭരണകൂട നിലപാട് അംഗീകരിക്കുന്നവർക്ക് മാത്രം കൈയ്യടി നൽകുന്നു. സൗജന്യ സേവനം നടത്തുന്നയാൾ സർക്കാറിനോട് ഒരു ചോദ്യമുന്നയിക്കുേമ്പാഴേക്കും രാജ്യദ്രോഹിയാകുന്നു.
‘കേരളം, ബിഹാർ, പഞ്ചാബ് തുടങ്ങി രാജ്യത്ത് എവിടെ ഏത് ആപത്ത് വന്നാലും ആദ്യം ഓടിയെത്തുന്നയാളാണ് ഡോ. കഫീൽ. വൈദ്യശാസ്ത്ര രംഗത്തുള്ള അദ്ദേഹത്തിെൻറ വൈദഗ്ധ്യം സമൂഹത്തിന് സൗജന്യമായി നൽകി. ധനസമ്പാദനമല്ല കഫീലിെൻറ ലക്ഷ്യം. അഞ്ച് മാസമായി ജയിലിലാണദ്ദേഹം. കഫീല്‍ ഖാെൻറ മോചനം ആവശ്യപ്പെട്ട് എല്ലാവരും രംഗത്തിറങ്ങണം. free dr. kafeel എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്റർ, ഫേസ് ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വിഷയം സർക്കാറിെൻറ മുന്നിലെത്തിക്കണം. കൊറോണ കാലത്ത് ജയിലിൽ കഴിയുന്നത് അദ്ദേഹത്തിെൻറ ജീവന് ഭീഷണിയാണ്’’ അദ്ദേഹം ചൂണ്ടിക്കാട്ടി.
Dr Kafeel Khan, a humanitarian paediatrician is in jail from last 5 months. I request everyone to support him with #FreeDrKafeel
— Harjit Singh Bhatti (@DrHarjitBhatti) July 14, 2020
Our society needs doctors like him and he should be in the people & not in jail. pic.twitter.com/NYznpxwAST
ജയിലില്‍ അഞ്ചുമാസം പിന്നിട്ട ഡോ. കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം തെൻറ ദുരവസ്ഥ പങ്കുവച്ച് സമൂഹത്തിന് തുറന്ന കത്തയച്ചിരുന്നു. 534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണെന്നും സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
‘‘എന്നെ ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. എെൻറ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും സഹോദരിയെയും എപ്പോള്‍ കാണാനാകുമെന്നും അറിയില്ല. തിങ്ങിനിറഞ്ഞ ബാരക്കില്‍ എപ്പോഴും വിയര്പ്പിെൻറയും മൂത്രത്തിെൻറയും ഗന്ധം നിറഞ്ഞുനില്‍ക്കും. ലൈറ്റുകള്‍ അണഞ്ഞാൽ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തിെൻറ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?’’ എന്നും ജയിലിൽനിന്ന് എഴുതിയ കത്തിൽ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഡോക്ടറുടെ സഹോദരന്‍ അദീല്‍ ഖാന്നാണ് ഈ എഴുത്ത് പുറത്തുവിട്ടത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതിെൻറ പേരിലാണ് ഡോ. കഫീല്‍ ഖാനെ യു.പി സർക്കാർ ജയിലിലടച്ചത്. 2020 ജനുവരി 29ന് മുംബൈയിൽ വെച്ചാണ് ഉത്തർപ്രദേശ് പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാെൻറ തടവ് ആഗസ്ത് വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തിെൻറ കാര്യത്തിൽ നടപ്പാക്കിയില്ല.
2017ല്‍ യോഗി ആദിത്യ നാഥിെൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്. കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക് മുേമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഇദ്ദേഹത്തെ വേട്ടയാടൽ.
സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ഒമ്പതുമാസം ജയലിലടച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.